നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി.
മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം നേതൃത്വവും ദിവ്യയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്ബോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.