യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം.
നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ എല്ലാ വഴിയും തേടുന്നുണ്ടെന്ന് അറിയാമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
കുടുംബത്തിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രവും ഇടപെടുമെന്ന് സൂചിപ്പിച്ചാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളില്‍ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നല്‍കിയത്.
2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ 2022ല്‍ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വർഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു. .