നിലമ്ബൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസില്‍ അറസ്റ്റിലായ നിലമ്ബൂർ എംഎല്‍എ പിവി അൻവർ റിമാൻഡില്‍.
തവനൂർ സെൻട്രല്‍ ജയിലിലേക്ക് അൻവറിനെ മാറ്റും.
നിലമ്ബൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസില്‍ പിവി അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്.
ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. എഫ്‌ഐആറില്‍ അൻവറിന്റെ മാത്രമാണ് പേരുളളത്. മറ്റുപ്രതികളുടെ പേര് വിവരങ്ങളില്ല. നാളെ ജാമ്യാപേക്ഷ നല്‍കുമെന്ന് അൻവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണ്. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നും അൻവർ വെല്ലുവിളിച്ചു.
'എത്ര കൊലക്കൊമ്ബൻമാരാണ് ഇവിടെ ജാമ്യത്തില്‍ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാണ്. കൊളള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നത്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങള്‍ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത്'. മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാള്‍ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അൻവർ വിമർശിച്ചു.