ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്.
അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകൻ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്സ് പഠിക്കാൻ ആഷിഖിനെ ചേർത്തിരുന്നു. കോളേജില്‍ ചേർന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായെന്നാണ് സുബൈദയുടെ സഹോദരി സക്കീന പറയുന്നത്.
മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാർ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതായാണ് വിവരം.
പിന്നീട് ഡീ അഡിക്ഷൻ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്ബ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്ബ് കൂട്ടുകാർക്കൊപ്പം പുറത്തുപോയതായി സക്കീന പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ച രാത്രിയിലാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ള സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുംകൂടിയായിരുന്നു. ശനിയാഴ്ച സുബൈദയുമായി ആഷിഖ് തർക്കത്തിലേർപ്പെട്ടോ എന്നത് വ്യക്തമല്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍വീട്ടിലെത്തി കൊടുവാള്‍ ചോദിച്ചു. തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. ഇവിടെ നിന്ന് വാങ്ങിയ കത്തിയുമായി വീടിനകത്ത് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.
വീടിനുള്ളില്‍നിന്ന് കരച്ചില്‍ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാർ വീട്ടിലെത്തിയപ്പോള്‍ 'ആർക്കാടാ കത്തിവേണ്ടതെന്ന്' ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടർന്ന് കഴുകിയ ശേഷം കത്തി അവിടെവെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു.
പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാർ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടർന്ന് പോലീസിലും ഏല്‍പ്പിച്ചു.
സുബൈദ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്ബേ സുബൈദ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.