2025 | ജനുവരി 5 | ഞായർ | ധനു 21
◾ അതിശൈത്യം ഉത്തരേന്ത്യയിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യോമ - റെയില്‍ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലി, രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി. ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. അതേസമയം ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയും മൂടല്‍മഞ്ഞും കാരണം സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നുണ്ടായ 2 അപകടങ്ങളിലായി 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
◾ കര്‍ഷക സമരം വീണ്ടും ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷകസമരം കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തമാക്കാനും കര്‍ഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സര്‍ക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമങ്ങള്‍ തോറും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
◾ സ്‌കൂള്‍ കായിക മേളയില്‍നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും പ്രതിഷേധിച്ചു എന്നതിന്റെ പേരിലാണ് അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്ന് വിലക്കിയത്. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
◾ കലാ - കായിക മേളകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടത് വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫ്. സര്‍ക്കാരിന്റെ ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ പരസ്യ പ്രതിഷേധമുയര്‍ത്തിയ മലപ്പുറം തിരുനാവായ നാവാ മുകുന്ദ, എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളെ അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ച നടപടി നീതീകരിക്കാനാവില്ലെന്നും എ ഐ എസ് എഫ് വ്യക്തമാക്കി.
◾ അമ്പലങ്ങളില്‍ പോകുന്നവരെ കുപ്പായം ഇടീപ്പിക്കാനും ഊരാനും നടക്കുന്ന പിണറായി വിജയന് വേറെ പണി ഇല്ലേയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളില്‍ ഷര്‍ട്ട് ഇട്ടിട്ട് പോകുന്നതാണോയെന്നും മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനക്ക് പ്രവേശനം നല്‍കണമെന്ന് പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു
◾ ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ പൊതുമരാമത്ത് വകുപ്പിലെ 31 പേരെ സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പണം ഇവരില്‍ നിന്ന് 18% പലിശ സഹിതം തിരിച്ചുപിടിക്കും.
◾ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുമ്പോഴെല്ലാം പാണക്കാട് തങ്ങള്‍മാരും പികെ കുഞ്ഞാലികുട്ടിയും സമാധാന സന്ദേശവുമായി എത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
◾ സനാതന ധര്‍മം അശ്ളീലമാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ബാലിശമായ ജല്‍പനമാണെന്നും കോടിക്കണക്കിന് വരുന്ന ഭാരതീയരെ അപമാനിച്ച നടപടിയില്‍ കേസെടുക്കണെമന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷ്യന്‍ കെ. സുരേന്ദ്രന്‍. തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മൃദംഗ വിഷന്‍ അവതരിപ്പിച്ച നൃത്ത പരിപാടിയുടെ സംഘാടനത്തെ ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയര്‍മാനും തമ്മില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍. മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ സംഘാടനത്തില്‍ ഗുരുതര പിഴവെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍.
◾ യുവജന വിദ്യര്‍ത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോര്‍ന്നെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമര്‍ശനം. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുവാക്കളില്‍ സ്വാധീനം ചെലുത്താന്‍ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ലെന്നും എസ്എഫ്ഐ നേതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളില്‍ സീറ്റ് കുറയുന്നെന്നുമാണ് വിമര്‍ശനം.
◾ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അമ്പലപ്പുഴ താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച് എസ് എസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
◾ ചോദ്യക്കടലാസല്ലേ ചോര്‍ന്നുള്ളൂ ഉത്തരക്കടലാസ് ചോര്‍ന്നില്ലല്ലോ എന്നു ചോദിക്കുന്ന വി.ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫിസിനു മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ മലയാള സിനിമയുടെ താരസംഘടനയ്ക്ക് 'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും എ. എം. എം. എ' എന്ന തരത്തില്‍ വേണ്ടെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ വച്ചുനടന്ന 'അമ്മ' കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപി.
◾ കൊല്ലം അഞ്ചലില്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയേയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍. അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍ (42), കണ്ണൂര്‍ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി വീട്ടില്‍ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സ്‌നേഹത്തിലായിരുന്ന രഞ്ജിനിക്കും ദിവില്‍ കുമാറിനുമുണ്ടായ ഇരട്ടക്കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് രഞ്ജിനി പ്രതി ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണം. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിലായിരുന്നു. 2006 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. കഴുത്തറുത്താണ് പ്രതികള്‍ കൃത്യം നടത്തിയത് പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍ താമസിച്ച് വരവെയാണു പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ സ്‌കൂള്‍ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു.
◾ പാലക്കാട് വല്ലപ്പുഴയില്‍ ആറ് ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപക സംഘത്തിന്റെ ഡ്രൈവറാണ് പെണ്‍കുട്ടിയെ കുറിച്ച് ഗോവ പൊലീസിന് വിവരം നല്‍കിയത്. പട്ടാമ്പി പൊലീസും കുട്ടിയുടെ ബന്ധുക്കളും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
◾ ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.
◾ മഹാരാഷ്ട്രയില്‍ ബിജെപിയോട് അടുക്കാന്‍ ഉദ്ധവ് താക്കറെ ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ചു കൊണ്ട് ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്നയില്‍ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നക്‌സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഫഡ്നാവിസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുഖപ്രസംഗമാണ് സാമ്നയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
◾ ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ ബി ജെ പിയില്‍ നിന്നും പര്‍വേഷ് വര്‍മയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാന്‍ ബിജെപി മുതിര്‍ന്ന നേതാവ് രമേഷ് ബിധുരിയെയും ആണ് നിയോഗിച്ചിട്ടുള്ളത്.
◾ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സള്ളിവന്റെ സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായാകും അദ്ദേഹം പ്രധാനമായും ചര്‍ച്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ 2 ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകും.
◾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അവതരിപ്പിച്ച് ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട പുതിയ ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിനായി മാറിയെന്ന് ചൈന സ്റ്റേറ്റ് റെയില്‍വേ ഗ്രൂപ്പ് കോ അവകാശപ്പെടുന്നു.
◾ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം 15 വിക്കറ്റുകള്‍ വീണതിന് പിന്നാലെ സിഡ്‌നിയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേത് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചല്ലെന്നും പിച്ച് കണ്ടപ്പോള്‍ പശുവിന് മേയാന്‍ പറ്റിയതാണെന്ന് തോന്നിയെന്നും ഗാവസ്‌കര്‍ തുറന്നടിച്ചു.
◾ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം. ഈ പുരസ്‌കാരം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.
◾ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് മൈസൂരു വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ പ്രവാസി മലയാളികളുടെ വിമാന കമ്പനിയായ എയര്‍ കേരള. അടുത്ത ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍ കേരളയുടെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തി. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ വിമാനത്താവളവുമായി ധാരണാപത്രം ഒപ്പു വച്ചതിന് പിന്നാലെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തിയത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഏറെ അടുത്താണ് മൈസൂരു വിമാനത്താവളം. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് റോഡ്, ട്രെയിന്‍ കണക്ടിവിറ്റിയും മെച്ചപ്പെട്ടതാണ്. മൈസൂരുവില്‍ ഏവിയേഷന്‍ അക്കാദമി ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഡി.ജി.സി.എയുടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടനെ സര്‍വീസ് ആരംഭിക്കും. കൊച്ചി ആസ്ഥാനമായാണ് എയര്‍ കേരള പ്രവര്‍ത്തിക്കുന്നത്. 2026 ല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
◾ മലയാളം കണ്ട ഏറ്റവും വലിയ വയലന്‍സ് ചിത്രമാണ് 'മാര്‍ക്കോ'. ടൈറ്റില്‍ കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മാര്‍ക്കോ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോ ഇപ്പോഴിതാ പുത്തന്‍ റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലാണ് മാര്‍ക്കോ പുത്തന്‍ ചരിത്രം കുറിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തില്‍ 1.53 മില്യണ്‍ ടിക്കറ്റുകളാണ് മാര്‍ക്കോയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് മാര്‍ക്കോ ഉള്ളത്. ഇനിയും ഇത് ഉയരും. മഞ്ഞുമ്മല്‍ ബോയ്സ്(4.32 മില്യണ്‍), ആവേശം(3.02 മില്യണ്‍), ആടുജീവിതം(2.92 മില്യണ്‍), പ്രേമലു(2.44 മില്യണ്‍), എആര്‍എം(1.86 മില്യണ്‍), ഗുരുവായൂരമ്പര നടയില്‍(1.7 മില്യണ്‍) എന്നീ സിനിമകളാണ് ബുക്ക് മൈ ഷോയില്‍ മാര്‍ക്കോയ്ക്ക് മുന്നിലുള്ളത്. കിഷ്‌കിന്ധാ കാണ്ഡം (1.44 മില്യണ്‍), വര്‍ഷങ്ങള്‍ക്കു ശേഷം(1.43 മില്യണ്‍), ടര്‍ബോ(1 മില്യണ്‍) എന്നിവയാണ് ഏഴാം സ്ഥാനത്തിന് താഴെയുള്ള മറ്റ് മലയാള സിനിമകള്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 80 കോടിയിലധികം രൂപ മാര്‍ക്കോ കളക്ട് ചെയ്തിട്ടുണ്ട്. വൈകാതെ സിനിമ 100 കോടി തൊടുമെന്നാണ് വിലയിരുത്തലുകള്‍.
◾ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 25നാണ് ബറോസ് തിയറ്ററുകളില്‍ എത്തിയത്. കുട്ടിപ്രേക്ഷകര്‍ ആവേശത്തടെ ഏറ്റെടുത്ത ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍ കണക്കാണിത്. എട്ടാം ദിവസം 42 ലക്ഷം രൂപ മാത്രമാണ് ബറോസിന് നേടാനായതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ദിവസവും കൂടിചേര്‍ത്ത് 10 കോടിയെ ബറോസിന് നേടാനായിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.6 കോടിയായിരുന്നു ബറോസിന്റെ ആദ്യദിന ഇന്ത്യ നെറ്റ് കളക്ഷന്‍. ബോഗെയ്ന്‍വില്ല, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളുടെ ആദ്യദിന കളക്ഷനുകളെ ബറോസ് മറികടക്കുകയും ചെയ്തിരുന്നു. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ്. ജിജോ പുന്നൂസ് എഴുതിയ ചിത്രം നിര്‍മിച്ചത് ആശീര്‍വാദ് സിനിമാസ് ആണ്. ഫാന്റസി ജോണറിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇതര ഭാഷാ അഭിനേതാക്കളും മലയാള താരങ്ങളും അണിനിരന്നിരുന്നു.
◾ ഫീച്ചറുകളും ഡിസൈനും കൂടുതല്‍ നിറങ്ങളും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങളുമായി 2025 ഹോണ്ട ആക്റ്റീവ 125 പുറത്തിറക്കി. ഡിഎല്‍എക്സ് (ബേസ് വേരിയന്റ്), എച്ച്-സ്മാര്‍ട്ട് (ടോപ്പ് വേരിയന്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആക്റ്റീവ 125 അവതരിപ്പിച്ചത്. വില 94,422 രൂപ മുതല്‍ 97,146 രൂപ വരെയാണ് (എക്‌സ് ഷോറൂം, ഡല്‍ഹി). സ്‌കൂട്ടര്‍ ഓടിക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന ഒബിഡി2ബി സംവിധാനം ഉള്‍പ്പെടെ നിരവധി വലിയ മാറ്റങ്ങളുമായാണ് പുതിയ ഹോണ്ട ആക്ടിവ എത്തിയത്. ഉപഭോക്താക്കള്‍ മികച്ച റൈഡിങ്ങ് അനുഭവം നല്‍കാന്‍ തക്കവണ്ണം നിരവധി പുതുമകള്‍ പുത്തന്‍ ആക്റ്റീവ 125ല്‍ ഉണ്ട്. അതില്‍ പ്രധാനമായത് ഒബിഡി2ബി നിബന്ധന പാലിക്കുന്ന 123.92 സിസി, സിംഗിള്‍-സിലിണ്ടര്‍ പിജിഎം-എഫ്ഐ എന്‍ജിനാണ്. ഈ എന്‍ജിന്‍ 6.20 കിലോവാട്ട് ഊര്‍ജ്ജവും 10.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആധുനിക ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം മറ്റൊരു പ്രധാന സവിശേഷതയാണ്. പേള്‍ ഇഗ്നുവസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേള്‍ സൈറന്‍ ബ്ലൂ, റബല്‍ റെഡ്ഡ് മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ് എന്നീ 6 നിറങ്ങളില്‍ ഇത് ലഭ്യമാണ്.
◾ നാടാകെ വിറപ്പിച്ചുനടന്ന ഒരുവന്‍ മരണപ്പെട്ടതോടെ അയാളുടെ കുടുംബത്തിനേല്‍ക്കേണ്ടിവരുന്നത് സമൂഹത്തില്‍നിന്നുള്ള ഭീകരമായ ആക്രമണവും ഒറ്റപ്പെടുത്തലുമാണ്. അയാളുടെ ഭാര്യയും മക്കളും പ്രതിസന്ധിയെ തരണം ചെയ്യാനാകാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ഒരുവള്‍ മാത്രം അദ്ഭുതകരമായി രക്ഷപ്പെടുന്നു. സ്വയം വേണ്ടന്നുവെച്ചിട്ടും ജീവിതം തന്നെ പിടിച്ചുനിര്‍ത്തുമ്പോള്‍ ജീവിക്കാതെ അവള്‍ക്കെന്തു ചെയ്യാന്‍ പറ്റും? ഇത് അവളുടെ കഥയാണ്. വീറോടും വാശിയോടും വൈരാഗ്യത്തോടുംകൂടി ജീവിച്ച പെണ്ണിന്റെ കഥ; അവളുടെ പ്രണയത്തിന്റെയും. വ്യത്യസ്തമായ പ്രണയകഥ പറയുന്ന, രാജു തുരുത്തിയുടെ ഏറ്റവും പുതിയ നോവല്‍. 'ഇതിഹാസമുദ്ര'. മാതൃഭൂമി ബുക്സ്. വില 247 രൂപ.
◾ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ബദാമില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും വറുത്തും സ്മൂത്തി, ഹല്‍വ, തൈര് എന്നിവയ്‌ക്കൊപ്പം ചേര്‍ത്തും കഴിക്കാവുന്നതാണ്. വീഗന്‍ ആളുകള്‍ക്ക് ബദാം മില്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണ്.