മുംബൈ: ടിവി സീരിയൽ നടിയെ ഷൂട്ടിംഗ് ലൊക്കേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാസയിൽ ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് സംഭവം.
ടെലിവിഷൻ താരം തുനിഷ ശർമ്മയാണ് മരിച്ചത്. ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.
ഷൂട്ടിംഗ് സെറ്റിലെ വാഷ് റൂമിൽ പോയ 20 കാരിയായ തുനിഷ ശർമ്മ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ സെറ്റിലുണ്ടായിരുന്നവർ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലേവ് പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ കൈലാഷ് ബാർവെയും സംഘവും ഷൂട്ടിംഗ് ലൊക്കേഷനിലെത്തി പരിശോധന നടത്തി. സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യ ചെയ്തതാകാമെന്ന് സെറ്റിലുണ്ടായിരുന്നവർ മൊഴി നൽകി.
എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച് മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
നടിയുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.
.