തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിലുള്ള മഴയാണ് കനത്ത മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.
ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുകയാണ്.
ഇത് നാളെ കന്യാകുമാരി കടലിൽ എത്തിയേക്കും. ഇതിന്റെ സ്വാധീനത്തിൽ നാളെയും മറ്റന്നാളും തെക്കൻ തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപക മഴ പെയ്തേക്കുമെന്നാണ് വിലയിരുത്തൽ.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
നാളെ (ഡിസംബർ 26) തമിഴ്‌നാട് തീരം, കോമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ഇവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. മീറ്റർ വരെ വേഗതയിലും, ചില സാഹചര്യങ്ങളിൽ 65 കി.മി വെരെ വേഗതയിലും, തെക്ക് കിഴക്കൻ അറബിക്കടലിന് പരിസരത്തിൽ 40 മുതൽ 50 കി.മീ. മീറ്റർ വരെ വേഗതയിലും, ചില സാഹചര്യങ്ങളിൽ 60 കി.മി വെരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
27-12-2022 ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ചില സാഹചര്യത്തിൽ 60 കിലോമീറ്റർ വരെ വേഗതയിലും കൂടാതെ മോശം കാലാവസ്ഥയും ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല.