ന്യൂഡൽഹി: അപൂർവ ഹിമാലയൻ ഔഷധമായ ‘കീഡ ജഡി’ (കോർഡിസെപ്‌സ്) ശേഖരിക്കാനാണ് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് നുഴഞ്ഞുകയറിയത് എന്ന് ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് (ഐപിസിഎസ്‌സി) റിപ്പോർട്ട്.
ചൈനയിലെ വിലകൂടിയ ഔഷധസസ്യമാണ് കോർഡിസെപ്സ്. കാറ്റർപില്ലർ ഫംഗസ് അല്ലെങ്കിൽ ഹിമാലയൻ ഗോൾഡ് എന്നും ഈ ചെടി അറിയപ്പെടുന്നുണ്ടന്ന്, വാർത്താ ഏജൻസി IANS റിപ്പോർട്ട് ചെയ്തു.
ചൈനയിലും നേപ്പാളിലും ഔഷധ സസ്യം 'യാർസഗുംബ' എന്നും ഇന്ത്യയിൽ 'കേഡ ജാഡി' എന്നും അറിയപ്പെടുന്നു. കോർഡിസെപ്‌സ് അഥവാ കാറ്റർപില്ലർ ഫംഗസിന്റെ ശാസ്ത്രീയ നാമം മം 'ഒഫിയോകോര്‍ഡിസെപ്‌സ് സിനെന്‍സിസ്' എന്നാണ്.
തെക്കുപടിഞ്ഞാറൻ ചൈനയുടെയും ഇന്ത്യൻ ഹിമാലയത്തിന്റെയും പീഠഭൂമികളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കോർഡിസെപ്സ് സാധാരണയായി കാണപ്പെടുന്നത്.
ഐപിസിഎസ്‌സി റിപ്പോർട്ട് പ്രകാരം, ഔഷധ സസ്യങ്ങൾ തേടി ചൈനീസ് സൈനികർ അരുണാചൽ പ്രദേശിൽ അനധികൃതമായി പ്രവേശിച്ചു.
രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് 10-12 ലക്ഷം രൂപയാണ് വില. കോർഡിസെപ്‌സ് വിപണി മൂല്യം 2022-ൽ 1072.50 മില്യൺ യുഎസ് ഡോളറായി കണക്കാക്കുന്നു.
ചൈനയാണ് ഏറ്റവും വലിയ കയറ്റുമതിക്കാരും ഉത്പാദകരും. ഐപിസിഎസ്‌സി റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിൽ കോർഡിസെപ്‌സ് വിളവെടുപ്പ് കുറഞ്ഞു. വംശനാശ ഭീഷണിയും വിലക്കയറ്റവും കാരണം പ്രത്യേക പാസുള്ളവർക്ക് മാത്രമേ ഇത് ശേഖരിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഇന്ത്യയിൽ അതിന്റെ ഉത്പാദനം കുറഞ്ഞിട്ടില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും വൃക്കസംബന്ധമായ പ്രശ്നങ്ങൾ മുതൽ വന്ധ്യത വരെയുള്ള എല്ലാത്തിനും ചൈനയിൽ കോർഡിസെപ്സ് ഒരു മരുന്നായി ഉപയോഗിക്കുന്നു.
ഗോസ്റ്റ് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങളുടെ ലാർവയുടെ ശരീരത്തിനകത്താണ് ഇവ വളരുന്നത്.
ഈ നിശാശലഭങ്ങളുടെ ലാര്‍വയുടെ ശരീരത്തിലെ 99 ശതമാനം പോഷകങ്ങളും അവർ ഉപയോഗിക്കുന്നു അതിലൂടെയാണ് ഇത് വളരുന്നത്.
വളരുമ്പോൾ, ഈ പുഴുക്കളുടെ തല പൊട്ടിച്ച് ഇവ പുറത്തുവരുന്നു.