നീണ്ടകര വേട്ടുതറയില്‍ സൂര്യ പ്രസ് നടത്തിയിരുന്ന ചവറ കുരിശുംമൂട് സൂര്യവസന്തവിലാസത്തില്‍ പരേതനായ വിജയതുളസിയുടെയും രമ്യയുടെയും മകൻ അശ്വന്ത് വിജയനാ(22)ണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സുഹൃത്തുക്കൾ അശ്വന്തിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി. ചവറ പോലീസിനെതിരെ അന്വേഷണം വേണമെന്ന് ബന്ധുക്കളും വിവിധ പാർട്ടി പ്രവർത്തകരും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്ന അശ്വന്തിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച ചവറ പോലീസ് അശ്വന്തിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
സുഹൃത്തുക്കളുമായി സ്റ്റേഷനിലെത്തിയ അശ്വന്തിന്റെ ഫോൺ സ്റ്റേഷനിൽ പിടിച്ചു വെച്ചിരുന്നു. മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് അശ്വന്ത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കിൽ പോക്‌സോ ചുമത്തുമെന്ന് അശ്വന്തിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി അന്വേഷണം നടത്താമെന്ന ഉറപ്പിന്മേലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംഭവമറിഞ്ഞ് ഡോ.സുജിത്ത് വിജയൻപിള്ള എംഎൽഎയും മുൻ മന്ത്രി ഷിബു ബേബിജോണും സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അശ്വന്തിനെ വിളിപ്പിച്ചതെന്നും കാര്യങ്ങൾ തിരക്കുക മാത്രമാണ് ചെയ്തതെന്നും ചവറ പൊലീസ് പറഞ്ഞു. മാനസികമായോ ശാരീരികമായോ യുവാവിന് വേദനിപ്പിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പോലീസ് സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത യുവാവിന് നീതി ലഭിക്കാൻ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽ മണിക്കൂറുകളോളം അശ്വന്തിനെ ഭീഷണിപ്പെടുത്തി ഫോൺ കൈക്കലാക്കിയതിന്റെ മാനസികാഘാതമാണ് ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞതെന്ന് എംപി പറഞ്ഞു.