ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. രണ്ടുമാസം മുമ്പ് ആന റോഡിലിറങ്ങിയപ്പോൾ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വാച്ചർ ശക്തിവേലാണ് കൊല്ലപ്പെട്ടത്.
ഇടുക്കി ശാന്തൻപാറ സ്വദേശിയാണ് ശക്തിവേൽ. പന്നിയാർ എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് അരികൊമ്ബനെന്ന് നാട്ടുകാര്‍ പറഞ്ഞു. ആന ഇന്ന് പുലര്‍ച്ചെ ജനവാസ മേഖലയില്‍നിലയുറപ്പിച്ചിരുന്നു.
ആനയിറങ്കല്‍ മേഖലയിൽ കാട്ടാനകളുടെ ആക്രമണം തടയാൻ ശക്തിവെലിനെ ചുമതലപ്പെടുത്തിയിരുന്നു. രാവിലെ ആറ് മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് ശക്തിവേലിന്റെ മരണവിവരം പുറത്തുവന്നത്.
രണ്ടുമാസം മുമ്പ് സ്‌കൂട്ടറിലിരുന്ന ശക്തിവേൽ റോഡരികിലെ കട്ടാനയോട് കേറി പോകാൻ പറഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ കാട്ടാന കയറി പോയത് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന തിരിഞ്ഞപ്പോൾ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിനന്റെ വീഡിയോയും വൈറലായിരുന്നു. ഏറെ ശ്രദ്ധ നേടിയ വാച്ചറാണ് ശക്തിവേൽ.