Click to learn more 👇

“പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറല്‍


 

മലയാളികളുടെ പ്രാതലിൽ പുട്ടിന് വലിയ സ്ഥാനമുണ്ട്. പുട്ടും പഴവും, പുട്ടും കടലയും അല്ലെങ്കിൽ പുട്ടും പപ്പടവും ആണ് സാധാരണ കോമ്പിനേഷനുകൾ.  

പുട്ടിനെക്കുറിച്ചുള്ള ഒരു ഗാനം വൈറലായിരുന്നു. എന്നാൽ പുട്ട് കുടുംബബന്ധങ്ങൾ തകർക്കുകയാണെങ്കിൽ നിങ്ങൾ എന്ത് പറയും?  

പുട്ടിനോട് ഇഷ്ട്ടമുള്ളവർ ഈ പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കും? പരീക്ഷയ്ക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പെഴുതാൻ പറഞ്ഞപ്പോൾ പുട്ട് ഇഷ്ടമല്ലെന്ന് പറഞ്ഞ് മൂന്നാം ക്ലാസുകാരൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു.

പുട്ട് ഇഷ്ടമല്ലെന്നും അത് ബന്ധങ്ങളെ തകർക്കുമെന്നും മൂന്നാം ക്ലാസുകാരൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവിൽ പഠിക്കുന്നതുമായ മൂന്നാം ക്ലാസ് വിദ്യാർത്ഥി ജെയ്സ് ജോസഫാണ് രസകരമായ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. 

 'എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരി ഉപയോഗിച്ചാണ്  തയ്യാറാക്കുന്നത് പുട്ട് ഉണ്ടാക്കാൻ വളരെ എളുപ്പമായതിനാൽ അമ്മ ദിവസവും രാവിലെ ഇത് ഉണ്ടാക്കുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞാൽ പുട്ട് പാറ പോലെയാകും. പിന്നെ എനിക്ക് കഴിക്കാൻ പറ്റില്ല. മറ്റെന്തെങ്കിലും ഭക്ഷണം തയ്യാറാക്കാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല. പിന്നെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ ശകാരിക്കും. അതുകൊണ്ട് ഞാൻ കരയും.  അതുകൊണ്ട് തന്നെ പുട്ട് കുടുംബബന്ധങ്ങൾ തകർക്കുമെന്നും ജെയ്‌സ് കുറിച്ചു.

ഈ ഉത്തരക്കടലാസ് വിലയിരുത്തിയ അധ്യാപിക ജെയ്‌സ് ജോസഫിനെ അഭിനന്ദിക്കാനും മറന്നില്ല. ഉത്തരം മികച്ചതായിരുന്നു എന്നായിരുന്നു അധ്യാപിക ഉത്തരക്കടലാസിൽ കുറിച്ചത്. മുക്കം മമ്പാട് സ്വദേശി സോജി ജോസഫിന്റെയും ദിയ ജെയിംസിന്റെയും മകനാണ് ജെയ്സ്.  

ബംഗളൂരു എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലാണ് ജെയ്‌സ് പഠിക്കുന്നത്. ഉണ്ണി മുകുന്ദനും രസകരമായ ഈ പോസ്റ്റ് ഷെയർ ചെയ്തു.