Click to learn more 👇

അല്‍ഫാം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; കോട്ടയത്ത് മരിച്ച യുവതിയുടെ വൃക്കയിലും കരളിലും അണുബാധ


 

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്‌സിംഗ് ഓഫീസർ രശ്മി രാജന് സംഭവിച്ചത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ.

കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തി ദിനത്തിൽ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത അൽഫാം കഴിച്ച് രശ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

മെഡിക്കൽ കോളജ് നഴ്‌സിങ് ഹോസ്റ്റലിലാണ് ഭക്ഷണം എത്തിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച സഹോദരൻ വിഷ്ണുരാജിനും മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധയേറ്റു.  

ഭക്ഷണം കഴിച്ചയുടൻ രശ്മിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് സഹപ്രവർത്തകർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ആരോഗ്യനില വഷളാകുകയും വൃക്കയും കരളും ഉൾപ്പെടെയുള്ള അവയവങ്ങളെ അണുബാധ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.  എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ മരിച്ചു. ഇതിനിടെ ഡയാലിസിസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

  മലപ്പുറം കുഴിമന്തി റസ്‌റ്റോറന്റിൽ ഭക്ഷണം കഴിച്ച ഇരുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നഗരസഭാ അധികൃതർ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും കട പൂട്ടുകയും ചെയ്തിരുന്നു.