Click to learn more 👇

കൊല്ലത്ത് മരിച്ച യുവതിയെ പരിചയപ്പെട്ടത് ബീച്ചില്‍ വച്ച്‌; ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചെന്ന് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി


കൊല്ലത്തെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൊല്ലം ബീച്ചിൽ കണ്ടുമുട്ടിയതായി കസ്റ്റഡിയിലുള്ള യുവാവ് പറഞ്ഞു.

ഡിസംബർ 29 ന് ബീച്ചിൽ കണ്ടുമുട്ടിയ യുവതിയെ പിന്നീട് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. ഇരുവരും ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം ഉണ്ടായെന്നും ഇതേ തുടർന്നാണ് യുവതിയെ അവിടെ ഉപേക്ഷിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

ഡിസംബർ 31ന് പുതുവത്സര തലേന്ന് കൊട്ടിയം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ നിലയിൽ യുവാവിന്റെ കൈയിൽ നിന്ന് യുവതിയുടെ ഫോൺ കണ്ടെത്തി.  

എന്നാൽ ഫോൺ കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞു. ഫോൺ എടുത്ത ശേഷം പോലീസ് ഇയാളെ വിട്ടയക്കുകയും യുവതിയുടെ അമ്മയുടെ നമ്പറിൽ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.  

യുവതിയെ കാണാനില്ലെന്ന് കുണ്ടറ പോലീസിൽ പരാതി നൽകിയതായി അമ്മ അറിയിച്ചതോടെ ഫോൺ കുണ്ടറ പോലീസിന് കൈമാറി. യുവതിയുടെ മരണവിവരമറിഞ്ഞ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറി.

ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിലാണ് 6 ദിവസം പഴക്കമുള്ള പെൺകുട്ടിയുടെ മൃതദേഹം നഗ്നയായ നിലയിൽ കണ്ടെത്തിയത്.  

തലയുടെ ഇടതുഭാഗത്തും സ്തനത്തിന് താഴെയും ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടായിരുന്നു. വീടുകളില്‍  സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതലാണ് കാണാതായത്.  പിന്നീട് കുണ്ടറ സ്റ്റേഷനിൽ അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഇതുവഴി വന്ന രണ്ട് യുവാക്കൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ ലോട്ടറി വിൽപനയായിരുന്നു യുവതിയുടെ ജോലി. അതിനുശേഷമാണ് സൗന്ദര്യവർധക വസ്തുക്കൾ വീടുകളിൽ എത്തിച്ച് വിൽക്കാൻ തുടങ്ങിയത്. 

എല്ലാ ദിവസവും രാത്രി ഏഴുമണിക്ക് യുവതി വീട്ടിൽ വരാറുണ്ടെന്ന് അമ്മ പറഞ്ഞു. 29ന് രാത്രി 9.30 ആയിട്ടും വീട്ടിൽ എത്തിയില്ല.  

ഫോൺ ബെല്ലടിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരം കേട്ടു. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുവീട്ടിൽ പോയിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് കുണ്ടറ പോലീസിൽ പരാതി നൽകി.