Click to learn more 👇

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി അനുവദിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്, 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ടുമാസം വരെ പ്രസവാവധിക്കും അനുമതി


 

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ആർത്തവ അവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

 

മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചതാണിത്.  18 കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെൺകുട്ടികളുടെ ഹാജർ പരിധി ആർത്തവ സമയമടക്കം 73 ശതമാനമാക്കി നിജപ്പെടുത്തിയാണ് ഉത്തരവ്.  സർവകലാശാല ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കുസാറ്റ് സർവകലാശാലയിലാണ് കേരളത്തിൽ ആദ്യമായി ആർത്തവ അവധി  പ്രഖ്യാപിച്ചത്. ഓരോ സെമസ്റ്ററിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ 75% ഹാജർ ആവശ്യമാണ്.  

എന്നാൽ കാലയളവ് പരിഗണിച്ച് 73 ശതമാനം ഹാജർ ഉണ്ടെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാമെന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടപ്പാക്കുന്നത്.  

കുസാറ്റിന് ശേഷം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലും (കെടിയു) ആർത്തവ അവധി  അനുവദിക്കാൻ ബോർഡ് ഓഫ് ഗവേണൻസ് യോഗം തീരുമാനിച്ചിരുന്നു.  ഈ മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.