ഭർത്താവിന്റെ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന് മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല. വ്യാഴാഴ്ച നാട്ടികയിലെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പ്രവാസിയായ സന്തോഷ് വീട്ടിലെത്തി. വെള്ളിയാഴ്ചയാണ് ആശ ആശുപത്രിയിൽ മരിച്ചത്. ആശയുടെ കുടുംബവും സന്തോഷും ഈ സമയം ആശുപത്രിയിലായിരുന്നു.
മരണശേഷം സന്തോഷ് മൃതദേഹം കാണാൻ നിൽക്കാതെ ആശുപത്രിയിൽ നിന്ന് മടങ്ങി. നാട്ടികയിൽ മൃതദേഹം ദഹിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. പിന്നീട് ഇന്ന് രാവിലെ പാവറട്ടിയിലെ വീട്ടുവളപ്പിൽ സംസ്കാരം നിശ്ചയിച്ചു. എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുനൽകാൻ കുടുംബം തയ്യാറായില്ല.
12 വർഷം മുമ്പാണ് ആശയും സന്തോഷും വിവാഹിതരായത്. ഇവരുടെ ആൺമക്കൾക്ക് പത്തും നാലും വയസ്സുണ്ട്. വീട്ടിൽ ആശ വന്നതിനു ശേഷം ഐശ്വര്യമില്ലെന്ന് പറഞ്ഞ് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് ആശയുടെ കുടുംബം ആരോപിച്ചു. അതിനാലാണ് ആത്മഹത്യ ചെയ്തതെന്നും ഇവർ പറയുന്നു.