കോട്ടയം തെള്ളകത്തെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഓഫീസിലെ എം.വി.ഐ.മാരായ വി. ഷാജന്‍, അജിത്ത് ശിവന്‍, എം.ആര്‍. അനില്‍ എന്നിവരെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സസ്‌പെന്‍ഡ് ചെയ്തത്.
കിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ ഒരു ലോറിക്ക് പാസില്ലാതെ പോയതിനും, ഓവർലോഡ് ചെയ്തതിനും 7500 രൂപ വെച്ച് പ്രതിമാസം 6 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചിരുന്നു.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ ഉത്തരവിൽ ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് നൽകേണ്ട ജിഎസ്ടിയിലും റോയൽറ്റിയിലും വൻ നഷ്ടം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ച ലോറി ഉടമ കടപ്പൂർ വട്ടുളം സ്വദേശി രാജീവിനെതിരെയും കോട്ടയം വിജിലൻസ് കേസെടുത്തു.
പാസില്ലാതെ ടോറസ് ലോറികളിൽ മണ്ണും മണലും കടത്തുന്നുവെന്ന പരാതിയിൽ ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ എം.സി. റോഡിൽ ഏറ്റുമാനൂരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചു. ഗൂഗിൾ പേ വഴിയാണ് മൂവരും കൈക്കൂലി വാങ്ങിയിരുന്നത്.
ഷാജന് തിരുവനന്തപുരത്തെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി മൂന്ന് ലക്ഷം രൂപയും അജിത് ശിവന് സ്വന്തം അക്കൗണ്ട് വഴി 2.5 ലക്ഷം രൂപയും അനിലിന് ബിനാമി അക്കൗണ്ട് വഴി 53,000 രൂപയും ലഭിച്ചതായി വിജിലൻസ് പരിശോധനയിൽ തെളിവുകൾ ലഭിച്ചു.
ഉദ്യോഗസ്ഥരുടെ വീട്ടുവാടകയും ഇടനിലക്കാരനായ രാജീവ് നൽകിയിരുന്നു. എംസി റോഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ലോറി ഉടമകളുമായും ഉദ്യോഗസ്ഥരുമായും ഇടപാടുകൾ നടത്തിയിരുന്നത്. പരിശോധനയിൽ കുടുങ്ങാതിരിക്കാൻ ലോറി നമ്പറുകൾ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഉദ്യോഗസ്ഥർക്ക് നൽകും. ലിസ്റ്റിൽ ഉൾപ്പെട്ട ലോറികളെ ഉദ്യോഗസ്ഥർ പിടികൂടുകയില്ല പിടികൂടിയാൽ ശേഷം നടപടിയെടുക്കാതെ വിട്ടയക്കുകയോ ചെയ്യുന്നു.
പ്രതിമാസം അരലക്ഷം രൂപ വരെ കൈക്കൂലി നൽകുന്ന ഉടമകളുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ലോറി ഉടമകളിൽ നിന്ന് മാത്രം പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.