Click to learn more 👇

മൂന്നാറില്‍ തണുപ്പുണ്ടോ ? കൂട്ട അവധിയെടുത്തുള്ള വിനോദയാത്ര കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ തിരികെ എത്തി, വിഷയത്തില്‍ സി പി എം - സി പി ഐ പോര്


  

പത്തനംതിട്ട: മൂന്നാറിലേക്ക് കൂട്ട അവധിക്ക് പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ തിരിച്ചെത്തിയതായി റിപ്പോർട്ട്.

യാത്ര തുടങ്ങിയ കോന്നി താലൂക്ക് ഓഫീസിൽ എത്താതെ പലയിടത്തും ഇറങ്ങിയതായാണ് അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. ആകെയുള്ള 61 ജീവനക്കാരിൽ 21 പേർ മാത്രമാണ് വെള്ളിയാഴ്ച ജോലിക്കെത്തിയത്.  ഇതോടെയാണ് യാത്രയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 19 പേർ അവധിക്ക് അപേക്ഷിച്ചിരുന്നു. 21 പേർ നൽകിയില്ല.  സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിൽ അംഗങ്ങളാണ് അവധിയെടുത്ത ജീവനക്കാരിൽ ഭൂരിഭാഗവും.  ഇതോടെ വിഷയം സിപിഎം-സിപിഐ പോരിലെത്തി.

അനധികൃത അവധി വിഷയത്തിൽ കെ.യു.  ജനീഷ് കുമാർ എംഎൽഎയുടെ നടപടി അപക്വമാണെന്ന് സിപിഐ ജില്ലാ അസി.  സെക്രട്ടറി പി.ആർ.ഗോപിനാഥിന്റെ ആരോപണത്തിന് പിന്നാലെ എം.എല്‍.എയുടെ നടപടിയെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ന്യായീകരിച്ചു. 

ഓഫീസിൽ ജീവനക്കാർ കൂട്ടമായി ഹാജരാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഇത് രാഷ്ട്രീയവത്കരിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ഓഫീസിൽ എത്തിയ എം.എൽ.എ തഹസിൽദാറുടെ കസേരയിൽ ഇരുന്നു ജീവനക്കാരുടെ ഹാജർ പരിശോധിച്ചത് നിയമവിരുദ്ധമാണെന്നാണ് സി.പി.ഐയുടെ വാദം.

ജീവനക്കാർ കൂട്ടമായി വിനോദയാത്ര പോയത് തെറ്റായിപ്പോയി. എം.എൽ.എക്ക് വിഷയം ജില്ലാ കളക്ടറുടെയോ റവന്യൂ മന്ത്രിയുടെയോ ശ്രദ്ധയിൽ പെടുത്താമായിരുന്നു. വിഷയം മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിനുമുന്നിൽ എത്തിച്ചതിലൂടെ എംഎൽഎ സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സിപിഐയുടെ വിലയിരുത്തൽ.  

സി.പി.എം സംഘടനയായ എന്‍.ജി.ഒ യൂണിയന്‍, കോണ്‍ഗ്രസിന്റെ എന്‍.ജി.ഒ അസോസിയേഷന്‍, ബി.എം.എസിന്റെ എന്‍.ജി.ഒ സംഘ് എന്നിവയിലെ അംഗങ്ങളും വിനോദയാത്രാ സംഘത്തിലുണ്ട്.

  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.