സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റെതാണെന്ന് കരുതി സംസ്‌കരിച്ചത് നേരത്തെ വിവാദമായിരുന്നു. തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ് ഏറ്റുവാങ്ങി സംസ്‌കരിച്ചത്.
ഇർഷാദിന്റെ കേസിന്റെ അന്വേഷണത്തിൽ ഡിഎൻഎ പരിശോധനയിൽ മരിച്ചത് ദീപക് അല്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ദീപക്കിനെ കണ്ടെത്താൻ നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്.പി. അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
മാസങ്ങൾ കഴിഞ്ഞിട്ടും ദീപക്കിനെ കണ്ടെത്താനാകാതെ വന്നതോടെ അമ്മ ശ്രീലത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. മൂന്ന് മാസം മുമ്പ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ഗോവൻ പോലീസിന്റെയും സിഐഡിയുടെയും സഹായത്തോടെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗോവയിലെ മഡ്ഗാവിൽ നിന്ന് ദീപക്കിനെ കണ്ടെത്തിയത്.
ഗോവയിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ദീപക്കിനെ കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെട്ടതായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ.ഹരിദാസ് പറഞ്ഞു.
ദീപക്ക് താമസിച്ചിരുന്ന ലോഡ്ജിൽ നൽകിയ ആധാർ കാർഡ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇയാളുടെ ഫോട്ടോ ഗോവൻ പോലീസ് ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ട്. ഇതും പരിശോധിച്ച് ദീപക് തന്നെയാണെന്ന് സ്ഥിരീകരിച്ചു.ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ തിരോധാനത്തിലെ ദുരൂഹത ഇല്ലാതാവുകയുള്ളൂ.
ജൂൺ ഏഴിന് വിസയുടെ ആവിശ്യത്തിന് ദീപക് എറണാകുളത്തേക്ക് പോയി. അന്ന് രാത്രി അമ്മ ശ്രീലതയെ വിളിച്ചു. പിന്നീട് വിളിയില്ലാതായി. ദിവസങ്ങൾ കഴിഞ്ഞിട്ടു മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് മേപ്പയ്യൂർ പോലീസിൽ പരാതി നൽകി.
ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയപ്പോൾ കോസ്റ്റൽ പൊലീസ് ദീപക്കിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ദീപക്കിന്റെ മൃതദേഹത്തോട് സാമ്യമുള്ള മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അടുത്ത ദിവസം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഡിഎൻഎ പരിശോധനാഫലം ഓഗസ്റ്റ് ആദ്യം ലഭിച്ചപ്പോൾ ദീപക് അല്ലെന്ന് വ്യക്തമായി.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഇർഷാദിന്റെ അച്ഛന്റെയും അമ്മയുടെയും ഡിഎൻഎ പോലീസിന് ലഭിച്ചു. തൊട്ടുപിന്നാലെ ഫലവും പരിശോധിച്ചു. കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹത്തിന് സമാനമാണ് ഇത്. ഇതോടെയാണ് മൃതദേഹം മാറിസംസ്‌കരിച്ചുവെന്ന് ഉറപ്പായത്.