ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചാല്‍ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ ഉറ്റസുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ്. സി പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊലവിളി പരാമര്‍ശങ്ങള്‍ തുടരുന്നത്. അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് പൊലീസ് ചോദ്യംചെയ്യും.
ഇന്നലെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റിന് കമന്റായുള്ള ആകാശ് തില്ലങ്കേരിയുടെ പ്രതികരണമാണ് വന്‍ വിവാദമായത്.
സി.പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നുമായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തല്‍.
'ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലും.. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ, തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയുന്നത്', ആകാശ് തുറന്നടിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും, സി.പി.എം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ് ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് ഷാജര്‍, ആകാശിന് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലും തുടര്‍ന്നത്. ഷാജറിനെ കുടുക്കുന്നതിന് ആകാശ് മന:പൂര്‍വ്വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷെന്ന ഡി.വൈ.എഫ്. ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശിന്റെ വെളിപ്പെടുത്തലുകള്‍.