ലക്നൗ : യു പിയിലെ വിവാദ ആള്‍ദൈവമായ കരൗലി ബാബ പലതവണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആശ്രമത്തില്‍ പൂജയ്‌ക്കെത്തുന്നവര്‍ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിക്കൊണ്ടാണ് ബാബ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയ തന്റെ ആശ്രമത്തില്‍ ഏകദിന പൂജയില്‍ പങ്കെടുക്കുന്നവര്‍ അടയ്‌ക്കേണ്ട ഫീസ് 1.51 ലക്ഷത്തില്‍ നിന്ന് 2.51 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.
ആശ്രമത്തില്‍ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങള്‍ പോലും ഭേദമാകും എന്നാണ് ആള്‍ദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ കുറഞ്ഞത് ഒന്‍പത് തവണയെങ്കിലും പൂജയ്‌ക്കെത്തണം. എന്നാല്‍ തിരക്കേറിയ തന്റെ ഭക്തര്‍ക്ക് അതിന് സാധിക്കാത്തതിനാല്‍ അതിവേഗ പൂജയും ചെയ്തുകൊടുക്കാറുണ്ട്. ഇവര്‍ക്കുള്ള ഫീസാണ് ഒരു ലക്ഷം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 2.51 ലക്ഷം ആക്കിയിരിക്കുന്നത്. ഈ മാസം 31 വരെ പൂജകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ ഫീസ് നടപ്പിലാക്കുന്നത്.
അടുത്തിടെ കരൗലി ബാബയുടെ പൂജയില്‍ പങ്കെടുത്തിട്ടും പ്രയോജനം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് ഒരാള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ബാബ ആരോപിക്കുന്നത്. താന്‍ ഇടപെട്ടാല്‍ ഇന്ത്യ- പാക് തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന് മുന്‍പ് കരൗലി ബാബ പറഞ്ഞിരുന്നു. കൊവിഡ് വ്യാപനമുണ്ടായപ്പോഴും തന്റെ ഭക്തരാരും രോഗം ബാധിച്ച് മരണപ്പെട്ടില്ലെന്ന് ബാബ അവകാശപ്പെട്ടിരുന്നു.