Click to learn more 👇

ഓടുന്ന തീവണ്ടിയുടെ വാതിലിലിരുന്ന് തര്‍ക്കം; യുവാവിനെ തള്ളിയിട്ട് കൊന്നെന്ന് പോലീസ്, അറസ്റ്റ്


കൊയിലാണ്ടി: കൊയിലാണ്ടി-വടകര സ്‌റ്റേഷനുകൾക്ക് ഇടയിലുള്ള ആനകുളം റെയിൽവേ ട്രാക്കിൽ 30 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.

വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനാണ് ഇയാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് കണ്ടെത്തി.

ഞായറാഴ്ച രാത്രിയാണ് സംഭവം.  സഹയാത്രികനായിരുന്ന തമിഴ്നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രെയിനിന്റെ വാതിലിനു സമീപം അപകടകരമായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചത്.  മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

സംഭവത്തിന് മുമ്പ് മരിച്ച യുവാവും കസ്റ്റഡിയിലുള്ള സോനമുത്തുവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കമ്പാർട്ടുമെന്റിന്റെ വാതിലിനു സമീപം നിന്ന് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവാവ് റെയിൽവേ ട്രാക്കിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്.  കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സും പോലീസും എത്തി യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കോഴിക്കോട് റെയിൽവേ പോലീസ് അറിയിച്ചു.

വീഡിയോ എടുക്കുന്നതിനെ ചൊല്ലി ഇരുവരും തർക്കിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഇത് ഏത് വീഡിയോ ആണെന്ന് വിവരമില്ല. ഇരുവരും തമ്മിൽ നേരത്തെ പരിചയമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.  അതിനാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.