Click to learn more 👇

പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; ‘ചുവപ്പിനെന്താണ് കുഴപ്പ’മെന്ന് മന്ത്രി ശിവൻകുട്ടി


ഇന്ന് ആരംഭിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പ് നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.  ചോദ്യപേപ്പറിൽ കറുപ്പിന് പകരം ചുവപ്പ് നിറത്തിൽ അച്ചടിച്ചതിൽ വിദ്യാർത്ഥികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.  

ചുവപ്പ് നിറം പ്രശ്നമല്ലെന്നായിരുന്നു ചില വിദ്യാർഥികളുടെ പ്രതികരണം. അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചിലർ പറഞ്ഞു.

അതേസമയം ചുവപ്പ് നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ 4,25,361 പേരും രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ 4,42,067 പേരും എഴുതുന്നു. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കും.

ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.