ലഡാക്ക് മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വിഡിയോയിൽ, തുറസ്സായ സ്ഥലത്ത് ഉപയോഗശൂന്യമായ പൈപ്പുകൾക്ക് മുകളിൽ ഒരു ജീവി കയറുന്നത് കാണാം. ഒരുപാട് നായ്ക്കൾ ചുറ്റും കൂടിനിന്ന് കുരക്കുന്നുണ്ട്. ഇന്ത്യയിൽ കാണാവുന്ന മനോഹരമായ ഒരു ജീവിയാണ് ഇതെന്നും അധികമാരും ഇതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നും പർവീൺ കസ്വാൻ കുറിക്കുന്നു. അത് ഏത് മൃഗമാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
നായയുടെ വലിപ്പമുള്ള ജീവിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. ദേഹം നിറയെ രോമങ്ങളും കൊമ്പുകളുടെ ആകൃതിയിലുള്ള കൂർത്ത ചെവികളുമുള്ള ജീവി നായ്ക്കളെ ഭയപ്പെടുന്നില്ല. നായ്ക്കളാകട്ടെ, അടുത്തുപോകാനും ആക്രമിക്കാനും ഭയന്ന് കുരച്ചുകൊണ്ടു ചുറ്റിനടക്കുന്നു. ഷെറിൻ ഫാത്തിമയുടെ ട്വിറ്റർ പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പർവീൺ കസ്വാൻ ഇത് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ കണ്ട് പ്രതികരണവുമായി രംഗത്തെത്തിയത്.
ജീവിയുടെ ഇടതൂർന്ന രോമങ്ങളുള്ള വാലും കണ്ടിട്ട് അത് കുറുക്കന്റെ കുടുംബത്തിൽപ്പെട്ട എന്തെങ്കിലും ഒന്നാവാം എന്നാണ് ഒരാളുടെ പ്രതികരണം. എന്നാൽ ഇത്രയധികം നായകൾ ചുറ്റും നിന്ന് കുരച്ചിട്ടും ശാന്തതയോടെ പെരുമാറുന്നതിനാൽ ഇത് അക്രമകാരിയായ മൃഗമല്ലെന്നുറപ്പുണ്ടെന്നും ചിലർ കുറിക്കുന്നുണ്ട്.
എന്നാൽ ചുരുക്കം ചിലർ വളരെ എളുപ്പത്തിൽ ഈ ജീവിയെ കണ്ടെത്തി. വലിയ ഇനം കാട്ടുപൂച്ചയാണ് ഇതെന്നാണ് കമന്റുകൾ. ജനവാസ മേഖലകളിൽ ഇവയെ കാണാത്തതിനാൽ നായ്ക്കൾ ചുറ്റും കൂടുന്നു.
ഇത് യഥാർത്ഥത്തിൽ ഒരു യുറേഷ്യൻ ലിങ്ക്സ് കാട്ടുപൂച്ചയാണ്. ഹിമാലയൻ പ്രദേശം അവരുടെ പ്രധാന ആവാസ കേന്ദ്രങ്ങളിലൊന്നാണ്. സ്വാഭാവിക ആവാസ വ്യവസ്ഥയിലും വേട്ടയാടലിലും വന്ന മാറ്റങ്ങൾ കാരണം അവയുടെ എണ്ണം ഗണ്യമായി കുറയുന്നു. വീഡിയോ കാണാം
A beautiful and rare animal found in India. In Ladakh region. Not many have heard about it. Guess what. Via @fatima_sherine. pic.twitter.com/dCqnawVsrs