ഓരോ നാട്ടിലേയും രുചി വൈവിധ്യങ്ങൾ, പുത്തൻ പാചക പരീക്ഷണങ്ങൾ എന്നിങ്ങനെ കണ്ടിരിക്കാൻ കൗതുകമുള്ള പലതും ഫുഡ് വീഡിയോകളിൽ ഉള്ളടക്കമാകാറുണ്ട്. ചിലതൊക്കെ പരീക്ഷിക്കാൻ ആളുകൾ താത്പര്യം കാണിക്കും. ചില ഭക്ഷണങ്ങൾ ഒട്ടും തന്നെ ഉൾക്കൊള്ളാൻ കഴിയാതെയും വരും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ വീഡിയോകൾ തികച്ചും വ്യത്യസ്തമായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു ഫുഡ് വ്ലോഗർ ലൈവ് ചെമ്മീൻ കഴിക്കുന്നതാണ് വീഡിയോയുടെ സവിശേഷത.
തായ്‌ലൻഡിൽ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. മുളക്, മല്ലിയില, ഫ്രഷ് സോസ്, ഉള്ളി, നാരങ്ങ നീര് തുടങ്ങിയ ചേരുവകൾ ചേർക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു ടാങ്കിൽ ജീവനുള്ള ചെമ്മീൻ കൊണ്ട് നിറച്ചിരിക്കുന്നു. അതിനുശേഷം, ജീവനുള്ള ചെമ്മീൻ ചേരുവകൾ നിറച്ച പാത്രത്തിൽ ഇട്ടു കഴിക്കുന്നതിനു മുൻപായി നന്നായി ഇളക്കുന്നു പിന്നെ കഴിക്കുന്നു.
ഒരു ഫുഡ് വ്ലോഗർ ഈ വിചിത്രമായ സാലഡ് പരീക്ഷിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചു. എന്നാൽ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത് ക്രൂരമാണെന്നും അത്തരം പ്രവണതകൾ ഒരിക്കലും രസകരമല്ലെന്നും ആളുകൾ പറയുന്നു.
അതേസമയം, ഇതെല്ലാം ആ നാടിന്റെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്നവരുണ്ട് - നമ്മൾ മാത്രമാണ് അസാധാരണമായി കാണുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു.