Click to learn more 👇

പെണ്‍കുട്ടികള്‍ ഉള്‍പ്പടെ സ്കൂളിലെത്തുക യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവുമായി, പൂത്തുലഞ്ഞ് കഞ്ചാവ് ചിത്രങ്ങളും സൈറ്റുകളും


 തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ സ്കൂള്‍ വളപ്പിന്റെ ചുവരിലൊന്നില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന കഞ്ചാവ് ചെടിയുടെ ചിത്രം.

അതിനോട് ചേര്‍ന്ന് നിരവധി സമൂഹമാദ്ധ്യമ ലിങ്കുകള്‍. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളില്‍ വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകളുടെ കലവറകളിലേക്കുള്ള ചൂണ്ടുപലകയാണിത്. നഗരത്തിലെ പ്രമുഖ സ്കൂളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലാണ് ലഹരിമാഫിയ വേരുറപ്പിച്ചതിന്റെ തെളിവുകള്‍ പ്രകടമായത്. ക്ളാസ് കട്ട് ചെയ്ത് ഒറ്റയ്ക്കും കൂട്ടായും പുറത്തുപോയ കുട്ടികളില്‍ ചിലരെ അതിസാഹസികമായാണ് ഡി.അഡിക്ഷന്‍ ചികിത്സകളിലൂടെ ലഹരിയില്‍ നിന്ന് മോചിപ്പിച്ചതെങ്കിലും കുഞ്ഞുങ്ങളുടെ ഭാവി തുലയ്ക്കുന്ന ലഹരി മാഫിയയുടെ തായ് വേരറുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

മാഫിയയ്ക്കെതിരായ അന്വേഷണത്തില്‍ സ്കൂള്‍ അധികൃതരും പി.ടി.എയും രക്ഷിതാക്കളും കാട്ടുന്ന കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് ഇവയ്‌ക്ക് കൂച്ചുവിലങ്ങിടാന്‍ തടസം.

നഗരത്തിലെ പ്രധാന സ്കൂളിനുള്ളിലെ ഈ ചുവരെഴുത്ത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്ക സ്കൂളുകളിലും ടോയ്‌ലെറ്റിലും ക്ളാസ് റൂമുകളിലെ ഡോറുകള്‍ക്ക് പിന്നിലും പഠനത്തിനായുള്ള ബോര്‍ഡുകളില്‍ പോലും ഇത്തരം ലിങ്കുകളും ലഹരി വസ്തുക്കളുടെ കോഡുകളും കോറിയിട്ടിട്ടുണ്ട്. സ്കൂളുകളുടെ സത്പേരിന് കളങ്കമുണ്ടാകുമെന്ന് കരുതിയും ലഹരി മാഫിയയെ ഭയന്നും സ്കൂള്‍ അധികൃതരോ, പി.ടി.എ കമ്മിറ്റിയോ വിവരങ്ങള്‍ യഥാസമയം പൊലീസിനെ അറിയിക്കില്ല. ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെപറ്റിയുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. നഗരത്തില്‍ സംശയനിഴലിലുള്ള സ്കൂളില്‍ ലഹരി മാഫിയ ബന്ധമുള്ളതായി പൊലീസും എക്സൈസും കണ്ടെത്തിയ കുട്ടികള്‍ പോലും സ്കൂള്‍ രേഖകളില്‍ നൂറ് ശതമാനം ഹാജരാണ്. സ്കൂളിന് പേരുദോഷമുണ്ടാക്കരുതെന്നോ ലഹരിമാഫിയയെ ഭയന്നോ അദ്ധ്യാപകരും പി.ടി.എയും നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് മാഫിയ സംഘങ്ങളുടെ വളര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.

ഡി അഡിക്ഷന്‍ സെന്ററുകളിലെത്തിച്ചത് 150 കുട്ടികളെ

സ്കൂളിലോ പുറത്തോ ഉള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂട്ടുകൂടിയും സമൂഹമാദ്ധ്യമങ്ങളിലെ ഫ്രണ്ട്ഷിപ്പും വഴിയും ലഹരിനുണഞ്ഞുതുടങ്ങുന്നവരെ കെണിയിലകപ്പെട്ടശേഷമാകും വീട്ടുകാരുള്‍പ്പെടെ തിരിച്ചറിയുക. സ്കൂള്‍ യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവും ബാഗില്‍ കരുതിയാണ് ഇത്തരക്കാര്‍ സ്കൂളിലെത്തുക. ക്ളാസ് കട്ട് ചെയ്തോ സ്കൂള്‍ സമയം കഴിഞ്ഞോ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തി യൂണിഫോം മാറ്റി സിവില്‍ ഡ്രസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുചക്രവാഹനങ്ങളില്‍ ബീച്ചുകളിലും സുരക്ഷിത സ്ഥലങ്ങളിലുമെത്തി ലഹരി ആസ്വദിക്കുന്നതാണ് രീതി.

ഇത്തരത്തില്‍ ലഹരിവലയില്‍പ്പെട്ട പെണ്‍കുട്ടികളടക്കം 150 ഓളം കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം എക്സൈസും പൊലീസും പലഘട്ടങ്ങളിലായി ഡി.അഡിക്ഷന്‍ സെന്ററുകളിലെത്തിച്ച്‌ ചികിത്സയ്ക്ക് വിധേയരാക്കിയത്.

ലഹരി മാഫിയയെ തളയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്കൂളുകളില്‍ പതിവായി മുടങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാന്‍ പദ്ധതി ആവിഷ്കരിക്കും. ഹാജര്‍ നില ഓണ്‍ ലൈന്‍ മുഖേന പൊലീസിന് കൈമാറിയാല്‍ ക്ളാസ് കട്ട് ചെയ്യുന്നവരെ കണ്ടെത്താനും ലഹരിമാഫിയയെ പിടികൂടാനുമാകും . സ്കൂള്‍ തുറക്കുംമുമ്ബ് നഗരത്തിലെ സ്കൂള്‍ മാനേജ് മെന്റുകളുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം വിളിക്കാന്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- സി.എച്ച്‌. നാഗരാജു. സിറ്റി പൊലീസ് കമ്മിഷണര്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.