Click to learn more 👇

അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് എല്ലാർക്കും ഇഷ്ട്ടപെട്ട ഒരു പ്രഭാത ഭക്ഷണം നീർ ദോശ; തയാറാക്കുന്ന വിധം

 



(Neer dosa recipe) 

എല്ലാർക്കും ഇഷ്ട്ടപെട്ട ഒരു പ്രഭാത ഭക്ഷണം 


നമസ്കാരം… 

അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും അതുപോലെതന്നെ നല്ല ടേസ്റ്റ് ഉള്ളതും ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്…നീർദോശ 

തയാറാക്കുന്ന വിധം 

നന്നായി പൊടിച്ച് വറുത്തെടുത്ത അരിപ്പൊടി രണ്ടു കപ്പ്. അപ്പം, ഇടിയപ്പം,പത്തിരി ഇതു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിപ്പൊടി ആണ് ഉപയോഗിക്കേണ്ടത്.


ഇതുകൂടാതെ സാധാരണ ദോശക്ക്‌  ചെയ്യുന്നതുപോലെ അരി കുതിർത്ത് അരച്ചെടുത്തും   നീർദോശ തയാറാക്കാവുന്നതാണ്.

പക്ഷേ വറുത്ത അരിപ്പൊടി ഉപയോഗിച്ച് ചെയ്യുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പവും അതുപോലെതന്നെ നീർദോശ കുറച്ചുകൂടി മൃദുവും രുചി കൂടിയതും ആയിരിക്കും. 


തേങ്ങ ചിരകിയത് അര കപ്പ്, ചിരകിയ തേങ്ങക്കു  പകരമായിട്ട് തേങ്ങാപ്പാൽ തയ്യാറാക്കാൻ ഉപയോഗിക്കുന്ന തേങ്ങാപ്പാൽ പൊടി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. 


മിക്സിയുടെ ജാറിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക, അതോടൊപ്പം തന്നെ ഉപ്പ് ഒരു ടീസ്പൂൺ, പഞ്ചസാര രണ്ട് ടീസ്പൂൺ,

നേരത്തെ എടുത്തു വച്ചിരുന്ന അര കപ്പ് തേങ്ങ, തേങ്ങ ഇല്ല എങ്കിൽ അരിപ്പൊടി മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് നീർ ദോശ തയാറാക്കാവുന്നതാണ്. 

പക്ഷേ തേങ്ങ ചേർക്കുക ആണെങ്കിൽ കുറച്ചുകൂടി രുചി കിട്ടും. 


അവസാനമായി അരിപ്പൊടി രണ്ടുകപ്പ്. ഇനി മിക്സിയുടെ ജാർ അടച്ചശേഷം ഇത് നന്നായി അരച്ച് നല്ലൊരു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കണം 


തേങ്ങ നല്ലതുപോലെ അരഞ്ഞു എന്ന് ഉറപ്പുവരുത്തണം. ഏകദേശം ഒരു മിനിറ്റിൽ താഴെ അരച്ചാൽ മതിയാകും.


ഇങ്ങനെ അരച്ചെടുത്ത മാവ് ഒരു മിക്സിംഗ് ബൗളിലേക് ഒഴിക്കുക.  

നമ്മൾ ഇത് അരച്ചെടുക്കുന്നതിനായി രണ്ട് കപ്പ് വെള്ളം ആണ് ഒഴിച്ചിരിക്കുന്നത്.

ഇതുകൂടാതെ ഇനി രണ്ട് കപ്പ് വെള്ളം കൂടി ഒഴിച്ച് ഈ മാവ് ലൂസ് ആക്കിയെടുക്കുക.




വെള്ളമൊഴിച്ച ശേഷം ഒരു തവികൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതുപോലെ ധാരാളം വെള്ളം ഒഴിച്ച് തയ്യാറാക്കുന്നത് കൊണ്ടാണ്  ഇതിന് നീർദോശ എന്ന പേര് കിട്ടിയിരിക്കുന്നത്.

നീർദോശയുടെ ഉത്ഭവവും, അതുപോലെതന്നെ നീർദോശയ്ക്ക് ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ,കർണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലാണ്.


സാധാരണ ദോശ ഉണ്ടാക്കാൻ ചെയ്യുന്നതുപോലെ ഇത് പുളിപ്പിക്കാൻ വയ്ക്കില്ല. അരച്ചെടുത്ത ഉടനെതന്നെ ചുട്ടെടുക്കാം.


മുകളിൽ പറഞ്ഞ അളവിൽ മാവ് തയ്യാറാക്കുകയാണെണെങ്കിൽ, ഏകദേശം 16 നീർദോശ തയാറാക്കാൻ കഴിയും.

നീർ ദോശ ചുടുമ്പോൾ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ 


ഒരു നോൺസ്റ്റിക് പാൻ അല്ലെങ്കിൽ, ദോശക്കല്ല് ചൂടാക്കാൻ വയ്ക്കുക. നോൺസ്റ്റിക് പാൻ ആണെങ്കിൽ എണ്ണ പുരട്ടേണ്ട ആവശ്യമില്ല. ദോശക്കല്ല് ആണെങ്കിൽ ഓരോതവണ ചുടുമ്പോളും എണ്ണ പുരട്ടണം.


പാൻ ചൂടായിക്കഴിയുമ്പോൾ സ്റ്റൗ മീഡിയം ടു ഹൈ ഫ്‌ളൈമിൽ വയ്ക്കുക. അതിനുശേഷം നീർദോശയുടെ മാവ് അടിയിൽ നിന്നും നന്നായി ഇളക്കി പാനിലേക്ക് പെട്ടന്ന് ഒഴിച്ച് ചുട്ട് എടുക്കണം.


ഒരു മിനിറ്റ് ഇരിക്കുമ്പോൾ തന്നെ നീർദോശയുടെ മാവിൽനിന്നും അടിയിലേക്ക് അരിപ്പൊടി അടിഞ്ഞുകൂടും. 


അതുകൊണ്ട്, ഓരോ തവണ ചുടുന്നതിന് മുൻപും നീർദോശ മാവ് നന്നായി ഇളക്കി കോരി പാനിലേക്ക് ഒഴിക്കുക.

നീർ ദോശ മാവ് ഒഴിച്ചത്തിനു ശേഷം പാൻ ഒന്ന് കയ്യിലെടുത്ത്‌ ചുറ്റിച്ച് എല്ലായിടത്തും ദോശമാവ് എത്തിക്കുക.


ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഒരുപാട് മാവ് കോരി ഒഴിക്കുന്നത് നല്ലതല്ല. വളരെ കനം കുറഞ്ഞ ദോശ ആയിട്ട് വേണം ചുട്ടെടുക്കാൻ.

പാൻ ആവശ്യത്തിന് ചൂടായതിന് ശേഷം മാത്രമേ മാവു കോരിയൊഴിക്കാൻ പാടുള്ളു.


ചൂട് ഇല്ലെങ്കിൽ ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ടാവില്ല.

ദോശമാവ് ഒഴിച്ചതിനു ശേഷം ഏകദേശം ഒന്നര മിനിറ്റോളം തുറന്നുവെച്ച് വേവിക്കുക.  ഓരോരുത്തരുടെയും അടുപ്പിന്റെ  ചൂട് അനുസരിച്ച് സമയത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.


സാധാരണ ദോശ ചൂടുന്നത് പോലെ ഗോൾഡൻ കളർ ആവാൻ പാടില്ല. അതിനു മുന്നേ തന്നെ പാനിൽനിന്നും എടുക്കണം.

നീർദോശ ഒരിക്കലും മറിച്ച് ഇടരുത്, ഒരു വശം മാത്രം വെന്താൽ മതിയാകും.


ഇതുപോലെ ഏകദേശം ഒന്നര മിനിറ്റ് കഴിയുമ്പോൾ തന്നെ ഇതിൻറെ സൈഡ് ഒക്കെ പാനിൽ നിന്നും വിട്ടു വരുന്നത് കാണാം. ഇനി പാനിൽനിന്നും നിന്നും നീർദോശ മാറ്റുക. മടക്കി ആണ് നീർദോശ എടുക്കുന്നത്. 



ബാക്കിയുള്ള മാവ് ഉപയോഗിച്ചും ഇതുപോലെ നീർദോശ ചുട്ടെടുക്കുക. ഓരോതവണ മാവ് ഇളക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .

ഏതെങ്കിലും നോൺ വെജ് കറികളാണ് നീർദോശയ്ക്ക് പറ്റിയ കറികൾ. 

നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ കടലക്കറി പോലുള്ള കറികൾ കൊപ്പം നീർദോശ വിളമ്പാവുന്നതാണ്.


നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ തേങ്ങ ചിരകിയതിന് പകരമായി തേങ്ങാപ്പാൽ പൊടി ഉപയോഗിക്കുകയാണെങ്കിൽ, ദോശയുടെ മാവ്  നിങ്ങൾക്ക് വെറും അഞ്ചു മിനിറ്റ് കൊണ്ട് തന്നെ തയാറാക്കാൻ സാധിക്കും.


വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പ്രഭാത ഭക്ഷണ റെസിപി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടമായി എന്ന്  വിചാരിക്കുന്നു.


ചേരുവകൾ :- 

വറുത്ത അരിപ്പൊടി. - 2 കപ്പ് ( 325 ജിഎം)

തേങ്ങ ചിരണ്ടിയത്  - ½ കപ്പ് 

വെള്ളം                    - 2 + 2 കപ്പ് 

ഉപ്പ്                          - 1 ടീസ്പൂൺ 

പഞ്ചസാര               - 2 ടീസ്പൂൺ