തിരുവനന്തപുരം: കനത്ത ചൂടില് കേരളം വെന്തുരുകുകയാണ്.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളില് ഇന്നും കനത്ത ചൂട് ഉണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. തൃശൂര്, പാലക്കാട്, കണ്ണൂര് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെ ( സാധാരണയെക്കാളൾ 4 ഡിഗ്രി വരെ കൂടുതൽ ) ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെല്ഷ്യസ് വരെയും (സാധാരണയെക്കാൾ 3 ഡിഗ്രി വരെ കൂടുതൽ ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക (ഹീറ്റ് ഇന്ഡക്സ്) 7 ജില്ലകളിൽ അതീവ ജാഗ്രത പുലർത്തേണ്ട 58 എന്ന നിലവാരത്തിൽ എത്തിയതായാണ് വിലയിരുത്തൽ. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതല് 50 വരെ എന്ന സൂചികയിലുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശം നല്കി. കൊടും ചൂടില് ആശ്വാസമായി വരുന്ന നാലു ദിവസം മിക്കവാറും എല്ലാ ജില്ലകളിലും വേനൽ മഴ ലഭിച്ചേക്കും.
ഇടിമിന്നലിനും സാധ്യതയുണ്ട്. ചെറുമഴകൾ ലഭിക്കുന്നത് അന്തരീക്ഷ ഈർപ്പം വർധിപ്പിക്കുന്നതല്ലാതെ ചൂട് കുറയ്ക്കാൻ സഹായകരമാകില്ലെന്നാണ് നിഗമനം.