മറ്റാർക്കുമില്ലാത്ത വ്യത്യസ്തമായ ഒരു വീട് സ്വപ്നം കാണുന്നവരും കുറവല്ല. അത്തരത്തിൽ ഒരാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മിന്റു റോയ് എന്ന കർഷകൻ. ടെറ്റാനിക് കപ്പലിന്റെ ആകൃതിയിലുള്ള വീട് നിർമിക്കാനാണ് മിന്റുവിന്റെ ശ്രമം. പണി തുടങ്ങിയിട്ട് ഇപ്പോൾ പത്ത് വർഷങ്ങൾ പിന്നിട്ടു.
ഹെലൻഷാ ജില്ലയിലെ സിലിഗുരിയിലാണ് ഈ കപ്പൽ വീട് ഒരുങ്ങുന്നത്. ഇതിന്റെ രൂപകൽപന ചെയ്തിരിക്കുന്നതും മിന്റു തന്നെയാണ്. കപ്പൽ വീട് നിർമിക്കാൻ എഞ്ചിനീയർമാർ ആരും തയ്യാറാകാതിരുന്നതോടെ നിർമാണം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.
2010-ലാണ് പണി തുടങ്ങിയത്. കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനം സൂക്ഷിച്ചുവെച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ നിർമാണം ഇടയ്ക്ക് നിർത്തേണ്ടിവന്നു. ഒടുവിൽ കെട്ടിടനിർമാണം പഠിനാക്കാനായി നേപ്പാളിലേക്ക് വണ്ടികയറി. അവിടെ മൂന്നു വർഷം ചെലവഴിച്ച് പരിശീലനം നേടി.
തിരിച്ചെത്തി പണി സ്വയം ചെയ്യാൻ തുടങ്ങി. ഇപ്പോൾ വീടിന്റെ അടിസ്ഥാന രൂപം പൂർത്തിയായിട്ടുണ്ട്. മൂന്നു നിലകളാണ് വീടിനുള്ളത്. കപ്പലിലുള്ള കൺട്രോൾ റൂമും പുകക്കുഴലുമെല്ലാം ഈ വീടിനുമുണ്ട്. ടൈറ്റാനിക്കിലേത് പോലെ വിശാലമായ ഗോവണിയുണ്ടാക്കുമെന്നും മരപ്പണി ചെയ്ത് അകത്തളങ്ങൾ പ്രൗഢമാക്കുമെന്നും മിന്റു പറയുന്നു.
ഏറ്റവും മുകളിലത്തെ നില റെസ്റ്റോറന്റാക്കുകയാണ് ലക്ഷ്യം. എങ്ങനെയെങ്കിലും ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നും ഇതുവരെ 15 ലക്ഷം ചെലവഴിച്ചുവെന്നും മിന്റു വ്യക്തമാക്കുന്നു