Click to learn more 👇

ഇരുട്ടിവെളുത്തപ്പോള്‍ പള്ളിപ്പുറം ജയകുമാര്‍ കേരളത്തിലെ താരമായി, പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം ലഭിച്ചത് നേരിട്ട്, ഞായറാഴ്ച ലഭിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം കൂടി


 തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ ശുദ്ധമലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പള്ളിപ്പുറം ജയകുമാര്‍ താരമായി.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജയകുമാറിനെ സംഘാടകര്‍ മോദിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മോദി അഭിനന്ദിച്ചു.

മന്‍ കി ബാത്തും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ടയിലെ പ്രസംഗവും ദൂരദര്‍ശനുവേണ്ടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജയകുമാര്‍ പക്ഷേ, ആദ്യമായാണ് മോദിയെ നേരില്‍ കാണുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അധികൃതര്‍ ഫോണില്‍ വിളിച്ച്‌ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രസംഗത്തിന്റെ പരിഭാഷ ഏല്പിച്ചത്.

ടെലിപ്രോംപ്റ്ററില്‍ നോക്കിയാണ് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ ലഭിച്ചെങ്കിലും എഴുതിത്തയ്യാറാക്കാതെ തത്സമയ പരിഭാഷയാണ് നടത്തിയത്.

മുരുക്കുംപുഴ ഇടവിളാകം യു.പി സ്കൂളില്‍ 24 വര്‍ഷമായി ഹിന്ദി അദ്ധ്യാപകനാണ് ജയകുമാര്‍. പ്രധാനമന്ത്രിയുടെ ആദ്യത്തെ മന്‍ കി ബാത്ത് ദൂരദര്‍ശനു വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് 2014 ഒക്ടോബര്‍ മൂന്നിനാണ്. 2015ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, തലേന്ന് നടത്തിയ പ്രസംഗം ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതും ജയകുമാറായിരുന്നു.

വരുന്ന ഞായറാഴ്ച മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പരിഭാഷയും നിര്‍വഹിക്കും.

നേരത്തേ കേരള ഹിന്ദി പ്രചാരസഭയിലും കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് നാടക കലാകാരനാണ്. ശിശുക്ഷേമസമിതിയില്‍ ശിശുദിനാഘോഷത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രസംഗപരിശീലകനുമാണ്. എം.എ, ബി.എഡ് ബിരുദധാരിയായ ജയകുമാര്‍ അടുത്തവര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കും. ഭാര്യ ബിന്ദു. മക്കള്‍: അഖില്‍ (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍), അഖില (വിദ്യാര്‍ത്ഥിനി).

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.