കല്‍പറ്റ: കാര്‍ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. കല്‍പറ്റ - പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂര്‍ ഇരട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാറിലെ ആകെ ആറ് പേര്‍ ഉണ്ടായിരുന്നതായും രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ മരിച്ചവര്‍ ഇരിട്ടി ഡോണ്‍ബോസ്കോ കോളേജിലെ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരാള്‍ കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.