ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൂട്ടം ആളുകള്‍.
60 വയസ്സിന് മുകളില്‍ പ്രായമുള്ള നൂറിലധികം മുതിര്‍ന്ന പൗരന്മാര്‍ അടങ്ങുന്ന ഈ സംഘം വിജയകരമായി സ്കൈ ഡൈവിംഗ് നടത്തിയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. 'സ്‌കൈ ഡൈവേഴ്‌സ് ഓവര്‍ സിക്‌സ്റ്റി' എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ രണ്ട് റെക്കോര്‍ഡുകളാണ് ഇപ്പോള്‍ തങ്ങളുടെ പേരിലേക്ക് തിരുത്തിക്കുറിച്ചിരിക്കുന്നത്.
സതേണ്‍ കാലിഫോര്‍ണിയ സ്കൈ ഡൈവിംഗ് ഏജന്‍സിയായ സ്കൈഡൈവ് പെറിസ് ആണ് മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. 60 വയസ്സിനും 78 വയസ്സിനും ഇടയില്‍ പ്രായമുള്ള 100 ലധികം മുതിര്‍ന്ന പൗരന്മാരാണ് സ്കൈ ഡൈവിംഗ്ങ്ങിന്‍റെ ഭാഗമായത്
ഇവരില്‍ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ആദ്യമായി ആകാശ യാത്ര തന്നെ നടത്തുന്നവരായിരുന്നു എന്നാണ് സ്കൈ ഡൈവ് പെറിസ് പറയുന്നത്. ഒരു കൂട്ടം ആളുകളുടെ ഒരു വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷവും പിന്തുണ നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു.
പരസ്പരം കൈകോര്‍ത്ത് പിടിച്ച് ആകാശ യാത്ര അവിസ്മരണീയമാക്കുന്ന നൂറിലധികം വരുന്ന മുതിര്‍ന്ന പൗരന്മാരുടെ ചിത്രങ്ങളും സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഒരുപക്ഷേ ഒരു കൂട്ടം ആളുകളുടെ ഒരിക്കലും സാധ്യമാകാന്‍ ഇടയില്ലാതിരുന്ന ഒരു വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയ സ്കൈഡൈവ് പെറിസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.