ഭീതി പ‌ടര്‍ത്തി 'സോംബി ഡ്രഗ്' ഉപയോഗം; ഉപയോഗിച്ചു കഴിഞ്ഞാല്‍ ചര്‍മ്മം അഴുകും സ്വയബോധം പൂര്‍ണ്ണമായും നഷ്ടപ്പെടും; വീഡിയോ കാണാം


ദേശങ്ങളുടെ വ്യത്യാസമില്ലാതെ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം.

നിരവധി കുട്ടികളും മുതിര്‍ന്നവരും ആണ് മയക്കുമരുന്ന് അടിമകളായി തീര്‍ന്നിരിക്കുന്നത്. മയക്കുമരുന്നിനെ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ഇവിടെ ഒരു തെരുവില്‍ നിരവധി യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച്‌ സ്വയംബോധം നഷ്ടപ്പെട്ട് സോമ്ബികള്‍ക്ക് സമാനമായ രീതിയില്‍ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

യുഎസിലെ ഫിലാഡല്‍ഫിയയിലെ തെരുവുകളില്‍ ആണ് 'സോംബി ഡ്രഗ്' ഉപയോഗം ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുകയും നിരവധിയാളുകള്‍ അതിന് അടിമപ്പെട്ടു പോവുകയും ചെയ്തിരിക്കുന്നത്. വിയോണ്‍ ന്യൂസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, വീഡിയോയില്‍ കാണിച്ചിരിക്കുന്ന പ്രദേശം കെൻസിംഗ്ടണിന് സമീപത്താണ്. 'RaphouseTv' എന്ന ട്വിറ്റര്‍ ഹാൻഡില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ സോംബി അവസ്ഥയിലുള്ള നിരവധി ആളുകളാണ് ഒരു തെരുവിലൂടെ കടന്നു പോവുകയും റോഡില്‍ അവശനിലയില്‍ ഇരിക്കുകയും ഒക്കെ ചെയ്യുന്നത്.

സൈലാസൈൻ അഥവാ 'ട്രാങ്ക്' എന്ന് അറിയപ്പെടുന്ന മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇത്തരത്തില്‍ ഒരു അവസ്ഥയിലേക്ക് ആളുകളെ തള്ളിവിടുന്നത്. സ്വബോധം പൂര്‍ണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചര്‍മം അഴുകല്‍ ഉള്‍പ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നു.

വളര്‍ന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. നഗരത്തില്‍ ഒരു പകര്‍ച്ചവ്യാധി പോലെ വൻതോതില്‍ ഇതിൻറെ ഉപയോഗം വ്യാപിച്ചുകഴിഞ്ഞു എന്നാണ് ഫിലാഡല്‍ഫിയ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.