നേരിട്ടുള്ള തെളിവുകള്‍ ഇല്ലാതിരുന്ന ബ്യുട്ടീഷ്യന്‍ സുചിത്ര കൊലക്കേസില്‍ നിര്‍ണായകമായത് 18 സാഹചര്യ തെളിവുകള്‍.
ഇവ കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ സംശയരഹിതമായി സമര്‍ത്ഥിച്ചാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. യുവതിയെ കൊല്ലത്ത് നിന്ന് പാലക്കാട്ട് എത്തിച്ച് കൊലപ്പെടുത്തി, മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ പ്രതി പ്രശാന്ത് നമ്ബ്യാര്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കൊല ചെയ്യപ്പെട്ട യുവതിയുമായുള്ള ചാറ്റുകളും പ്രതി ഡിലീറ്റ് ചെയ്യുകയും യുവതിയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും നിശിപ്പിക്കുകയും ചെയ്തിരുന്നു. സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ നശിപ്പിച്ച ഫോണ്‍ ഉപയോഗിച്ച് യുവതി നടത്തിയ ചാറ്റുകള്‍ ക്ലൗഡില്‍ നിന്ന് വീണ്ടെടുക്കാനായത് അന്വേഷണത്തിന് സഹായകമായി.
പ്രതി യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്ന വാട്സ്‌ആപ്പ് ചാറ്റുകള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതി കറുത്ത വസ്ത്രം ധരിച്ച് വരണമെന്നും ആരും കാണാതെ വാടക വീടിനുള്ളില്‍ കയറുന്നതിന് അതാണ് നല്ലതെന്നുമുള്ള ചാറ്റിന്റെ അടിസ്ഥാനത്തില്‍ യുവതി കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് അവസാനമായി വീട്ടില്‍ നിന്ന് പോയത്.
തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീവിഹാര്‍ വീട്ടില്‍ സുചിത്ര പിള്ളയാണ് കൊല്ലപ്പെട്ടത്. പ്രശാന്ത് നമ്ബ്യാരുടെ ഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട സുചിത്ര പിള്ള. ഇവരുമായി രഹസ്യമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച പ്രതി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. വിവാഹമോചിതയായ യുവതി പ്രതിയില്‍ നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തന്റെ കുടുംബജീവിതത്തെ ഇത് ബാധിക്കുമെന്ന് കരുതിയ പ്രശാന്ത് നമ്ബ്യാര്‍ യുവതിയെ തന്ത്രപൂര്‍വം പാലക്കാട് മണലിയിലുള്ള വാടകവീട്ടിലെത്തിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചും എമര്‍ജന്‍സി ലൈറ്റിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം തൊട്ടടുത്ത് ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ചിട്ടു.
2020 മാര്‍ച്ച് 17ന് കോലഞ്ചേരിയില്‍ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കൊല്ലത്തെ വീട്ടില്‍ നിന്ന് പോയ യുവതി മാര്‍ച്ച് 20നാണ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. 22ന് തിരികെയെത്തുമെന്ന് പറഞ്ഞിരുന്ന യുവതി എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇയാള്‍ അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിലാണ് മറുപടി നല്‍കിയത്. കൊവിഡിന്റെ തുടക്കമായതിനാല്‍ അന്വേഷണത്തിന് പരിമിതിയുണ്ടായിരുന്നു. തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രശാന്ത് നമ്ബ്യാരുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. പ്രശാന്ത് നമ്ബ്യാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു