പല്ല് പാെടിയുന്ന നടന്‍ ആരാണ്, എന്തുകൊണ്ട് എക്‌സൈസ് ടിനിടോമിന്റെ മൊഴിയെടുത്തില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍


 കൊച്ചി: സംവിധായകൻ നജീം കോയ താമസിച്ച ഹോട്ടല്‍മുറിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച്‌ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി.

നിയമപരമായ ഒരു പരിശോധനയ്ക്കും തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്‌സൈസിന്റെ ഇപ്പോഴത്തെ നടപടി സംശയകരമാണെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി സംവിധായകന്‍ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് റെയ്ഡ് നടത്തിയത്.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു. 'ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി ഇതുവരെ എടുത്തില്ല? ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്. എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്ബോള്‍ അതിന് ഉത്തരവാദിത്തം വേണം'-ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഒരാള്‍ താമസിക്കുന്ന സ്ഥലത്ത് ഇത്രയുംപേര്‍ ഒരുമിച്ചെത്തി ഒരുമുറിമാത്രം പരിശോധിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയമുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നജീം കോയയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സിനിമാ സെറ്റുകളില്‍ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി സിറ്റിപൊലീസ് കമ്മിഷണര്‍ പറഞ്ഞതിനെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശിച്ചു.'ഷാഡോ പൊലീസിനെ വച്ചാല്‍ ക്രൂവിന് തിരിച്ചറിയാൻ കഴിയും. സിനിമാ മേഖലയെ മുഴുവൻ സമയ നിരീക്ഷണത്തില്‍ നിറുത്തുന്നത് എതിര്‍ക്കും. ഷാഡോ പൊലീസ് സിനിമാസെറ്റില്‍ വേണ്ട'- അദ്ദേഹം ആവശ്യപ്പെട്ടു.

മലയാള സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം നേരത്തേ വെളിപ്പെടുത്തിയിരുന്നു. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറഞ്ഞത്. കേരള പൊലീസിന്റെ 'യോദ്ധാവ്' എന്ന ബോധവല്‍ക്കരണ

പരിപാടിയുടെ അംബാസിഡര്‍ കൂടിയാണ് ടിനി ടോം. 'ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി'- എന്നായിരുന്നു ടിനി ടോം പറഞ്ഞത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.