തൃശൂര്‍: യൂട്യൂബില്‍ ലൈക്ക് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്തും പലതരം ജോലികള്‍ ഓണ്‍ലൈനായി ചെയ്യിപ്പിച്ചും പണം തട്ടുന്ന സംഘങ്ങളുടെ വലയില്‍ മലയാളികളും കുടുങ്ങുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിനായി വീഡിയോകള്‍ ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് ഫോണില്‍ സന്ദേശം ലഭിക്കുക.
ആദ്യം ചെറിയ വരുമാനം നല്‍കി വിശ്വാസം മുതലെടുത്ത് ലക്ഷങ്ങള്‍ വരുമാനമുളള ഓണ്‍ലൈൻ ജോലികള്‍ക്ക് ക്ഷണിക്കും. രജിസ്‌ട്രേഷൻ ഫീസായി ഭീമമായ തുക ആവശ്യപ്പെടും. ജോലികള്‍ പൂര്‍ത്തിയാക്കിയാലും നല്‍കേണ്ട ശമ്ബളം നല്‍കാതെ തട്ടിപ്പുകാര്‍ മുങ്ങും. ശമ്ബളം ലഭിക്കുന്നതിന് കൂടുതല്‍ പണം നല്‍കാനും അല്ലെങ്കില്‍ കൂടുതല്‍ ജോലികളില്‍ പങ്കെടുക്കാനും ആവശ്യപ്പെടാറുമുണ്ട്.
ഒടുവില്‍ കരകയറാനാകാത്ത വിധം വലയത്തിനുള്ളില്‍ തളച്ചിടുന്ന തട്ടിപ്പുകാരാണ് മലയാളികളെയും ലക്ഷ്യം വയ്ക്കുന്നത്. യുട്യൂബ് ലൈക്ക് ആൻഡ് ഏണ്‍ സ്‌കാം എന്ന തട്ടിപ്പില്‍ രണ്ട് മാസത്തിനിടെ 170 കേസുകളാണ് മുംബയ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലും നിരവധി പേര്‍ കുടുങ്ങുന്നുണ്ടെന്നാണ് വിവരം.
ഓരോ 'ലൈക്കിനും ശമ്ബളം: 50 മുതല്‍ 150 രൂപ വരെ
മറ്റ് ജോലികള്‍ക്ക് ശമ്ബളവാഗ്ദാനം: 5,000 മുതല്‍ 5 ലക്ഷം രൂപ വരെ
പാര്‍ട്ട് ടൈം ജോലി താത്പര്യമുണ്ടോ എന്ന് ചോദിച്ച് അജ്ഞാത വാട്ട്സ്‌ആപ്പ് നമ്ബറുകളില്‍ നിന്ന് കോള്‍, സന്ദേശം അയക്കും
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമില്‍ നല്‍കുന്ന ലൈക്കുകള്‍ക്ക് പകരം പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും
സമൂഹമാദ്ധ്യമത്തില്‍ ലൈക്കുകള്‍ കൂട്ടാനുളള ബ്രാൻഡുകളോ വീഡിയോകളോ പ്രൊമോട്ട് ചെയ്യാനാണെന്ന് ധരിപ്പിക്കും.
ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേര്‍ത്ത് വീഡിയോകള്‍ ലൈക്ക് ചെയ്യാനും സ്‌ക്രീൻഷോട്ടുകള്‍ ഷെയര്‍ചെയ്യാനും ആവശ്യപ്പെടും.
പാര്‍ട്ട് ടൈം ജോലികള്‍ക്കായി ബയോഡാറ്റയോ വെരിഫിക്കേഷനോ കെ.വൈ.സി ഒന്നും ചോദിക്കാതെയാണ് വലവിരിക്കുന്നത്. ആദ്യതവണകളില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് അയച്ചുകൊടുക്കുന്നത്. അവര്‍ പണം സ്വീകരിക്കുന്നതിനും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്.
വ്യക്തിവിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ആധാര്‍, പാൻ, ഒടിപികള്‍ ഷെയര്‍ ചെയ്യരുത്.
സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനോ ഏതെങ്കിലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ പാടില്ല.
തട്ടിപ്പിന് ഇരയായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലോ റിപ്പോര്‍ട്ട് ചെയ്യുക.
സൈബര്‍ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ വിളിക്കാം: 1930