വ്യാജരേഖ കേസില്‍ പ്രതിയായ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ ഹെെക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രതി ചെറുപ്പമാണെന്നും അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെയുള്ളത്. വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല. കൂടാതെ വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണമില്ലെന്ന് വിദ്യ അറിയിച്ചു. തനിക്കെതിരായ കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യയുടെ ഹര്‍ജിയില്‍ പറയുന്നു.
എറണാകുളം സെൻട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വിദ്യയുടെ കേസ് അഗളി പൊലീസിന് കെെമാറിയിട്ടുണ്ട്. വ്യാജരേഖ ഹാജരാക്കിയത് പാലക്കാട്ട് അട്ടപ്പാടിയിലെ കോളേജിലായതിനാല്‍ കേസ് അഗളി പൊലീസിന് കൈമാറിയത്. നീലേശ്വരം കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തേടിയിട്ടില്ല.
അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനാണ് 2018 - 2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
മഹാരാജാസ് കോളേജിന്റെ സീലും
വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുള്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ സമര്‍പ്പിച്ചത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു.