Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

    

◾പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനു ജീവപര്യന്തം തടവുശിക്ഷ. 5,25,000 രൂപ പിഴയും അടയ്ക്കണം. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ 2019 ല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സനെ എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

◾കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റു നല്‍കി എംകോമിനു പ്രവേശനം നേടിയെന്ന് ആരോപണം. ആരോപിതനായ എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം നേതാക്കള്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയില്‍നിന്ന് നിഖിലിനെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. വ്യാജ ഡിഗ്രി ആരോപണം അന്വേഷിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ.


◾മധുരയിലെ സിപിഎം എംപി വെങ്കിടേഷിനെതിരേ അധിക്ഷേപകരവും അപകീര്‍ത്തിപരവുമായ പ്രചാരണം നടത്തിയ ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റു ചെയ്തു. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ ഭീഷണിപ്പെടുത്തി വൃത്തിയാക്കിച്ചതുമൂലം ശുചീകരണ തൊഴിലാളി മരിച്ചെന്ന് എസ് ജി സൂര്യ ട്വിറ്ററില്‍ ആരോപിച്ചിരുന്നു. ഇതിനെതിരേയുള്ള പരാതിയിലാണ് അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും റോഡ് ഉപരോധിച്ചു.

◾തെരുവു നായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്. 49 വയസായിരുന്നു.


◾തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡില്‍ രോഗിക്കു കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് അണലി പാമ്പിന്റെ കടിയേറ്റു. ചെമ്പേരി സ്വദേശി  ലത (55) യെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◾മദ്യം ആവശ്യപ്പെട്ട് മദ്യശാല ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രി ഒമ്പതിന് കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചപ്പോഴാണ് നാലംഗ സംഘം മദ്യം വാങ്ങാന്‍ എത്തിയത്. കട പകുതി ഷട്ടറിട്ട് കണക്ക് ശരിയാക്കുകയായിരുന്ന ജീവനക്കാര്‍ മദ്യ വില്‍പനയ്ക്കുള്ള സമയം കഴിഞ്ഞെന്ന് അറിയിച്ചതോടെയാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

◾കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ തളിപ്പറമ്പിലെ വീടിനു സമീപത്തെ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ധീരജ് കൊല്ലപ്പെട്ടതിനുശേഷം അഞ്ചാം തവണയാണ് കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുന്നത്. അഞ്ചു സംഭവങ്ങളിലും പോലീസ് ആരേയും അറസ്റ്റു ചെയ്തിട്ടില്ല.


◾മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 10 ദിവസങ്ങളിലായി 'ഓപ്പറേഷന്‍ മത്സ്യ'യുടെ ഭാഗമായി 1536 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി അറിയിച്ചു.


◾ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനെ 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കാനുള്ള ജൂറിയുടെ അധ്യക്ഷനായി നിയമിച്ചു.

◾സാമ്പത്തിക തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനു പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കല്‍. പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പ്രതികരണം.


◾റിയാദില്‍ പെട്രോളിയം ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് മരിച്ചത്.


◾തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടി ആഞ്ഞിലി മരത്തില്‍ കയറിയ ഹനുമാന്‍ കുരങ്ങ് പുറത്തുകടന്നു. ഇന്നു രാവിലെ മുതല്‍ മരത്തില്‍ ഹനുമാന്‍ കുരങ്ങിനെ കാണുന്നില്ല. ഹനുമാന്‍ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചില്‍ തുടരുകയാണ്.

◾സിപിഎം നേതാവ് എ.എ. റഹീം എംപിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. ആറന്മുള കോട്ട സ്വദേശി അനീഷാണ് പിടിയിലായത്.


◾പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


◾കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം നടത്തിയ രണ്ടു യുവാക്കളെ തിരുവനന്തപുരം വെള്ളറട പൊലീസ് പിടികൂടി. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍ റോയി (18) എന്നിവരാണ് അറസ്റ്റിലായത്.


◾സിനിമ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണു സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചതെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജസേനന്‍ മികച്ച കലാകാരനാണ്. അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തും. സുരേന്ദ്രന്‍ പറഞ്ഞു.

◾ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 73 വര്‍ഷം കഠിന തടവ്. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന്‍ 49) യാണ് ശിക്ഷിച്ചത്. 1,85,000 രൂപ പിഴയും ഒടുക്കണമെന്ന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി വിധിച്ചു.


◾പാര്‍ക്കു ചെയ്തു യാത്രയ്ക്കുപോയ യുവാവിന്റെ ബൈക്കില്‍നിന്ന് നമ്പര്‍ പ്ലേറ്റ് അപഹരിച്ച് മറ്റൊരു ബൈക്കില്‍ വച്ചപിടിപ്പിച്ചു നിയമലംഘനം നടത്തിയതിന് എഐ കാമറ വഴി പിഴശിക്ഷ നമ്പര്‍പ്ലേറ്റ് അപഹരിക്കപ്പെട്ട ബൈക്കുടമയ്ക്ക്.  മലപ്പുറം ചെമ്മാട് സികെ നഗറിലെ കൊളക്കാടന്‍ പുളിക്കല്‍ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴ അരൂരില്‍ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.


◾സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ 101 ആപ്പുകള്‍ നീക്കം ചെയ്തു. സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് സ്പൈ വെയറിനെ കണ്ടെത്തിയത്.

◾മണിപ്പൂരില്‍ സുരക്ഷാ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികള്‍ വെടിവയ്പു നടത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പൊലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടിരിക്കേയാണ് യൂണിഫോമില്‍ ആക്രമണം നടത്തുമെന്നു മുന്നറിയിപ്പു നല്‍കിയത്. കുക്കികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പോലീസും സൈന്യവും ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജാഗ്രതാ നിര്‍ദേശം.


◾അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍നിന്നു രാജസ്ഥാനിലേക്ക് കടന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശും. ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉള്‍പ്പെടെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്.


◾ഈ വര്‍ഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട ഐ.ടി കമ്പനികളിലെ കൂട്ട പിരിച്ചുവിടല്‍ മൂലം നിരവധി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നതാണ് പ്രധാനമായും പണമൊഴുക്ക് കുറയ്ക്കാനിടയാക്കിയത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 36 ശതമാനവും യു.എസ്, യു.കെ, സിംഗപ്പൂര്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലെ ഐ.ടി മേഖലയില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയില്‍ ഇടിവുണ്ടായതും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ കുറച്ചു. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ പണമൊഴുക്ക് നടക്കുന്നത് ഇന്ത്യയിലേക്കാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കെത്തുന്ന പണമൊഴുക്കിന്റെ 60 ശതമാനവും ഇന്ത്യയിലേക്കാണ് വരുന്നത്. 2022 ല്‍ 11,100 കോടി ഡോളര്‍(9.09 ലക്ഷം കോടി) വിദേശ പണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. മെക്‌സിക്കോ(61 ബില്യണ്‍ ഡോളര്‍), ചൈന(51 ബില്യണ്‍ ഡോളര്‍), ഫിലിപ്പിന്‍സ്(38 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍(30 ബില്യണ്‍ ഡോളര്‍) എന്നിവരായിരുന്നു പിന്നില്‍. 2022 ല്‍ മധ്യ വരുമാന രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ വേള്‍ഡ് ബാങ്കിന്റെ പ്രതീക്ഷയേയും മറികടന്ന്  8 ശതമാനം വര്‍ധനയോടെ 64.700 കോടി ഡോളറിലെത്തിയിരുന്നു. അതേസമയം, പ്രധാന രാജ്യങ്ങളിലെല്ലാം വളര്‍ച്ച കുറഞ്ഞതു മൂലം 2023 ല്‍ വിദേശ പണമയക്കല്‍ 1.4 ശതമാനത്തിന്റെ മിതവളര്‍ച്ചയോടെ 65,600 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്. യു.എസിലെ പ്രമുഖ ടെക് കമ്പനികള്‍ 2023 ജനുവരിയില്‍ മാത്രം 84,000 പേരെയാണ് പിരിച്ചു വിട്ടത്. ഇത് നിരവധി ഇന്ത്യക്കാരുടെ ജോലി നഷ്ടപ്പെടുത്തി.

◾100 മെഗാപിക്സല്‍ ക്യാമറയും മീഡിയടെക് ഡിമെന്‍സിറ്റി 7050 ചിപ്സെറ്റുമായി റിയല്‍മി 11 പ്രോ വിപണിയിലേക്കെത്തി.  കഴിഞ്ഞയാഴ്ച  ഇന്ത്യയില്‍ റിയല്‍മി 11 സീരീസിന്റെ ഭാഗമായി റിയല്‍മി 11 പ്രോ പ്ലസിനൊപ്പം റിയല്‍മി 11 പ്രോ പുറത്തിറക്കിയത്. സ്മാര്‍ട് ഫോണ്‍ മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ വരുന്നു. 8ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയും 8ജിബി+256ജിബി 24,999 രൂപയും 12ജിബി+256ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. ബാങ്ക് കാര്‍ഡുകള്‍ക്കും വാലറ്റുകളിലും മറ്റുമായി 1500 രൂപയോളം വിലക്കിഴിവും ലഭിക്കും. ഉയര്‍ന്ന 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒലെഡ് ഡിസ്‌പ്ലേയാണിതിന്. റിയല്‍മി 11 പ്രോ പ്ലസ് കഴിഞ്ഞയാഴ്ച വിപണിയിലേക്കെത്തിയിരുന്നു. 200 എംപി ക്യാമറയുമായി വിപണിയുടെ ശ്രദ്ധനേടിയിരിക്കുകയാണ് റിയല്‍മി 11 പ്രോ പ്ലസ്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം + 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 27,000 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് വില.


◾മാരി സെല്‍വരാജ് ചിത്രം മാമന്നന്റെ ട്രെയിലര്‍ പുറത്ത്. വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മാമന്നനില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്നതായിരിക്കും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വടിവേലു ഇതുവരെ കാണാത്ത റോളിലാണ് എത്തുന്നത്. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ ജാതി വിവേചനവും അതിനെതിരായ ചെറുത്തുനില്‍പ്പുമാണ് ചിത്രത്തില്‍ പറയുന്നത്. രാഷ്ട്രീയനേതാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുക. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 43 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും. ഡിസംബറില്‍ തമിഴ്നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടന്‍-രാഷ്ട്രീയ പ്രവര്‍ത്തകനായ ഉദയനിധി മാമന്നന്‍ തന്റെ അവസാന നടനായിരിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.


◾കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പദ്മിനി' ടീസര്‍ എത്തി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരും നായികാ വേഷങ്ങളിലെത്തുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍  സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം  നിര്‍മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◾തന്റെ കാര്‍ ശേഖരത്തിലേക്ക് നാലു കോടിയുടെ റേഞ്ച് റോവര്‍ കൂടി ഉള്‍പ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷ്. യാഷും കുടുംബവും കറുത്ത എസ്യുവിക്കു മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്.  വലുപ്പം കൊണ്ടുതന്നെ മോണ്‍സ്റ്റര്‍ എന്നു വിളിപ്പേരുള്ള വാഹനമാണ് റേഞ്ച് റോവര്‍ എസ്യുവി. റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ എഡിഷനാണ് യാഷ് വാങ്ങിയത്. വിശാലമായ ഇരിപ്പിടങ്ങളും നവീന സൗകര്യങ്ങളുമുള്ള റേഞ്ച് റോവര്‍ ആഡംബരത്തിന് പേരുകേട്ട വാഹനമാണ്. പുതിയ മോഡലില്‍ ഗ്രില്ലിലും ഹെഡ് ലാംപിലും മാറ്റങ്ങളുണ്ട്. 23 ഇഞ്ച് അലോയ് വീലുകളുള്ള വാഹനം മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ - ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. ട്വിന്‍ ടര്‍ബോ വി8 ആണ് കൂട്ടത്തില്‍ കരുത്തേറിയ റേഞ്ച് റോവര്‍. 5.3 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ ഈ എന്‍ജിനുള്ള റേഞ്ച് റോവറിന് സാധിക്കും. കാര്‍ പ്രേമി കൂടിയായ യാഷിന് 78 ലക്ഷത്തിന്റെ മെഴ്‌സീഡസ് ജി.എല്‍.സി 250ഡി, 80 ലക്ഷത്തിന്റെ ഔഡി ക്യു 7, 70 ലക്ഷത്തിന്റെ ബി.എം.ഡബ്ല്യു 520ഡി, 40 ലക്ഷത്തിന്റെ പജേറോ സ്‌പോര്‍ട്‌സ് എന്നീ കാറുകളും സ്വന്തമായുണ്ട്. എങ്കിലും ഏറ്റവും ഒടുവില്‍ വാങ്ങിയ റേഞ്ച് റോവര്‍ തന്നെയാണ് കൂട്ടത്തില്‍ ആഡംബരത്തിലും സൗകര്യങ്ങളിലും വിലയിലും മുന്നിലുള്ളത്.

◾സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട് എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്റെ ആണ്‍കഥകളുടെ പൊതുരൂപവും അന്തിമമായി സ്ത്രീപക്ഷ രാഷ്ട്രീയത്തെ തന്നെ മുന്നോട്ടുവയ്ക്കുന്നവയാണ്. ഭംഗിയുള്ള നാട്ടുപേച്ചുകള്‍, പാലക്കാടിന്റെയും മലപ്പുറത്തിന്റെയും ഭൂമികകള്‍, സ്ത്രീയുടെയും പുരുഷന്റെയും മനോവിചാര വ്യാപാരങ്ങള്‍, വെറുപ്പിന്റെയും സ്നേഹത്തിന്റെയും വ്യത്യസ്തമായ വഴികള്‍. ബിജുവിന്റെ കഥകള്‍ക്ക് വായനക്കാരനോട് ഒരുപാട് സംവദിക്കാനുണ്ട്. 'വേവുകടല്‍'. ബിജു. ഗ്രീന്‍ ബുക്സ്. വില 171 രൂപ.


◾ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കുക. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ തോത് കൂട്ടുക. ഹൃദയാരോഗ്യത്തിന് പൊതുവേ നിര്‍ദ്ദേശിക്കുന്ന സംഗതിയാണ് ഇത്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നതും ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.സിയോള്‍ നാഷനല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സൂങ്സില്‍ യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്കല്‍ 

◾സയന്‍സ് ഫോര്‍ ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഷുറന്‍സ് വകുപ്പും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി കൊറിയയിലെ 30നും 75നും ഇടയില്‍ പ്രായമുള്ള 2.43 ദശലക്ഷം പേരുടെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോതും ഹൃദ്രോഗസാധ്യതയും വിലയിരുത്തി. ഈ വിചിത്രമായ പ്രതിഭാസം ശരീരത്തിലെ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എല്‍ഡിഎല്‍ തോത് 70 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററിനും താഴെയുള്ളവരിലാണ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നതായി നിരീക്ഷിച്ചത്. എല്‍ഡിഎല്‍ കുറയുന്നവരില്‍ നീര്‍ക്കെട്ട് വര്‍ധിക്കുന്നതാകാം ഹൃദയാഘാത, പക്ഷാഘാത സാധ്യത കൂട്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടിന്റെ സൂചകമായ സി-റിയാക്ടീവ് പ്രോട്ടീന്‍ തോത് എല്‍ഡിഎല്‍ വളരെ കുറഞ്ഞവരില്‍ കൂടിയിരിക്കുന്നതായും ഇവര്‍ കണ്ടെത്തി. എന്നാല്‍ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ അത് നിര്‍ത്തേണ്ട കാര്യമില്ലെന്നും ഗവേഷകറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ജേണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.