Click to learn more 👇

മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ കാണാം


 വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ നടത്തുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇവയില്‍ അധികവും യാത്രക്കാര്‍ അമിതമായ അളവില്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് നടത്തുന്ന അതിക്രമങ്ങളാണ്. സമാനമായ രീതിയില്‍ ഒരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇക്കഴിഞ്ഞ മെയ് 29 -ാം തിയതി അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈൻസ് വിമാനത്തില്‍ നടന്ന സംഭവമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിമാനത്തില്‍ വച്ച്‌ അമിതമായി മദ്യപിച്ച യുവതി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിന് നേരെയും സ്ത്രീയുടെ അതിക്രമം തുടര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചും ചവിട്ടിയും ഇവര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ പൊലീസ് ബലം പ്രയോഗിച്ച്‌, ഇവരെ വിലങ്ങ് വച്ച്‌ വിമാനത്തിനുള്ളില്‍ നിന്നും ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. താൻ പണം കൊടുത്താണ് യാത്ര ചെയ്യുന്നതെന്നും വിമാനത്തിനുള്ളില്‍ നിന്നും ഇറങ്ങില്ലെന്നുമാണ് യുവതിയുടെ വാദം. എന്നാല്‍, മറ്റ് യാത്രക്കാര്‍ക്ക് നേരെ ആക്രോശിക്കുകയും വിമാനത്തിലെ സീറ്റുകള്‍ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വിമാന ജീവനക്കാര്‍ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു.

കാമറിൻ ഗിബ്സണ്‍ എന്ന യുവതിയാണ് വിമാനത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് ദി ന്യൂ ഓര്‍ലിയൻസ് അഡ്വക്കേറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ഇവര്‍ മുൻ സീറ്റിലിരുന്ന യാത്രക്കാരനെ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. വിന്‍റോ സീറ്റിന് സമീപത്ത് ഇരിക്കുന്ന യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ കോളറിന് പിടിച്ച്‌ ഒറ്റ വലിക്ക് പൊക്കിയെടുക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് യുവതിയെ വിലങ്ങ് ധരിപ്പിച്ച്‌ പോലീസുകാര്‍ ഇവരെ പുറത്തിറക്കാന്‍ ശ്രമിക്കുമ്ബോള്‍ തന്‍റെ ഫോണെവിടെയെന്നും താന്‍ ആശയകുഴപ്പത്തിലാണെന്നും തനിക്ക് സംഭവം വിശദീകരിക്കണമെന്നും ഇവിടെ എന്താണ് നടക്കുന്നതെന്നും യുവതി ആവര്‍ത്തിച്ച്‌ ചോദിക്കുന്നു. ഈ സമയത്തൊക്കെ മറ്റ് യാത്രക്കാര്‍ അവരുടെ സംസാര രീതിക്ക് അനുസരിച്ച്‌ താളാത്മകമായി പ്രതികരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും യുവതിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.