Click to learn more 👇

അവസാനദിനം പോരാട്ടം തീപാറും; 280-റണ്‍സ് അടിച്ചെടുത്താല്‍ ഇന്ത്യയ്ക്ക് ജയിക്കാം


 ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിറുത്തുമ്ബോള്‍ 164/3 എന്ന നിലയില്‍.

അവസാന ദിനമായ ഇന്ന് 7 വിക്കറ്റ് ശേഷിക്കെ 280 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത്.

44 റണ്‍സുമായി വിരാട് കൊഹ്‌ലിയും 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. ഇന്നലെ രാവിലെ 123/4 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 127 റണ്‍സ് കൂടി അടിച്ചെടുത്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 270ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രോഹിത് ശര്‍മ്മ (43), ശുഭ്മാൻ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിതും ഗില്ലും നല്ല തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയതെങ്കിലും ടീം സ്കോര്‍ 41ല്‍ വച്ച്‌ ഗില്‍ പുറത്തായി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ഗ്രീൻ പിടിച്ചാണ് ഗില്‍ പുറത്തായത്. പന്ത് നിലത്തുമുട്ടിയോ എന്ന് പരിശോധിച്ചിട്ടാണ് വിക്കറ്റ് നല്‍കിയത്. 

തുടര്‍ന്നെത്തിയ പുജാര രോഹിതിനൊപ്പം അനായാസം ഇന്ത്യൻ സ്കോര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ഇരുപതാം ഓവറില്‍ ലയണിന് പന്ത് നല്‍കിയ കമ്മിൻസിന്റെ തീരുമാനം ഫലം കണ്ടു. ആ ഓവറിലെ അഞ്ചാം പന്തില്‍ രോഹിതിനെ ലയണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. രോഹിതും പുജാരയും രണ്ടാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അടുത്ത ഓവറില്‍ കമ്മിൻസിനെതിരെ അനാവശ്യഷോട്ട് കളിച്ച പുജാര വിക്കറ്റ് കീപ്പര്‍ അലക്സ് കാരെയുടെ കൈയില്‍ ഒതുങ്ങിയതോടെ ഇന്ത്യ 93/3 എന്ന നിലയില്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രഹാനെയും കൊഹ്‌ലിയും ഇന്ത്യയെ നൂറ്റമ്ബത് കടത്തി മുന്നോട്ടു കൊണ്ടുപോവുകയാണ്.

രാവിലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ലബുഷെയ്നെ (41) ഇന്നലെ ഒരു റണ്‍ പോലും നേടാൻ സമ്മതിക്കാതെ ഉമേഷ് പുറത്താക്കി. പകരമെത്തിയ അലക്സ് കാരെ (പുറത്താകാതെ 66) ഗ്രീനിനൊപ്പം ഓസീസിനെ 150 കടത്തി. ഗ്രീനിനെ ജഡേജ ക്ലീൻബൗള്‍ഡാക്കിയെങ്കിലും പകരമെത്തിയ സ്റ്റാര്‍ക്ക് (41) കാരെക്കൊപ്പം ഉറച്ചുനിന്ന് ലീഡ് 400 കടത്തി . സ്റ്റാര്‍ക്കിനെയും പിന്നാലെ കമ്മിൻസിനെയും (5) ഷമി പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.