Click to learn more 👇

ലാബിൽവച്ച് ഫോണിലെ നോട്ടിഫിക്കേഷൻ നോക്കി; പിന്നാലെ കോളേജ് അധികൃതരിൽ നിന്നും നേരിടേണ്ടിവന്നത് ക്രൂര മാനസിക പീഡനം; മനോവിഷമത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി


 കോട്ടയം:  കോളേജ് അധികൃതരിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയതായി പരാതി. 

എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധയാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെതിരെയാണ് ആരോപണം.

കഴിഞ്ഞ ദിവസമായിരുന്നു വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രദ്ധ. കഴിഞ്ഞ ദിവസം ലാബിൽ ഫോൺ നോട്ടിഫിക്കേഷൻ നോക്കിയെന്ന പേരിൽ ലാബ് അസിസ്റ്റന്റ് ശ്രദ്ധയുടെ ഫോൺ പിടിച്ചെടുക്കുകയും ഇക്കാര്യം വകുപ്പ് മേധാവിയെ അറിയിക്കുകയും ചെയ്തിരുന്നു. ശ്രദ്ധയെ റൂമിലേക്ക് വിളിപ്പിച്ച വകുപ്പ് മേധാവി പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. കടുത്ത മനോവിഷമത്തെ തുടർന്ന് ഇതിന് പിന്നാലെ വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് പോയി. എന്നാൽ അവിടെവച്ചും വിദ്യാർത്ഥിനിയ്ക്ക് അപമാനം നേരിടേണ്ടിവരികയായിരുന്നു. ഇതോടെയാണ് ഹോസ്റ്റൽ മുറിയിൽ ശ്രദ്ധ ജീവനൊടുക്കിയത്.

ശ്രദ്ധയെ ആശുപത്രിയിൽ എത്തിക്കുന്നതിലും മറ്റും കടുത്ത വീഴ്ചയാണ് കോളേജ് അധികൃതർ വരുത്തിയതെന്നും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രി എട്ട് മണിയോടെയാണ് ഇക്കാര്യം അധികൃതർ ശ്രദ്ധയുടെ പിതാവിനെ അറിയിക്കുന്നത്. അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. യാത്രാ മദ്ധ്യേ കുട്ടി മരിച്ച് പോയെന്ന് പിതാവിനെ യാതൊരു സങ്കോചവുമില്ലാതെ വിളിച്ച് പറയുകയായിരുന്നു. കുട്ടി മയങ്ങി വീണതാണെന്ന് മാത്രമാണ് ആശുപത്രി അധികൃതരോട് കുട്ടിയ്‌ക്കൊപ്പം പോയ ജീവനക്കാർ പറഞ്ഞിരുന്നത്. ഇതേ തുടർന്ന് ആരോഗ്യപ്രവർത്തകർ ഇഞ്ചെക്ഷൻ നൽകാനും ഒരുങ്ങിയെന്നാണ് വിവരം.

പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ കോളേജ് അധികൃതർ സംഭവം മറച്ചുവയ്ക്കാനും ശ്രമിച്ചിരുന്നു. മകൾ പരീക്ഷയിൽ തോറ്റ വിഷമത്തിലായിരുന്നു ആത്മഹത്യ ചെയ്തത് എന്നായിരുന്നു കോളേജ് അധികൃതർ നടത്തിയ പ്രചാരണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.