കോലഞ്ചേരി: അന്യ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം പഴകിയ മീൻ ട്രോളിംഗ് നിരോധനം മറയാക്കി സംസ്ഥാനത്തേക്ക് എത്തുന്നു.
വള്ളക്കാര്‍ക്ക് യഥേഷ്ടം ചെറുമീനുകള്‍ ലഭിക്കുന്നതിനാല്‍ അത്തരം മീനുകള്‍ വില കൂടുതലാണെങ്കിലും വിപണിയില്‍ ലഭ്യമാണ്. വലിയ മീനുകളാണ് പ്രശ്നക്കാര്‍. ഇത്തരം മീൻ വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
കേടുകൂടാതെ മീനെത്തിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാലിനും അമോണിയയുമാണ് വില്ലൻമാരാകുന്നത്. അമോണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകുന്ന സമയം വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോര്‍മാല്‍ഡിഹൈഡിന്റെ ദ്രാവകരൂപമാണ് ഫോര്‍മാലിൻ. മനുഷ്യശരീരം സംസ്‌കരിച്ചു സൂക്ഷിക്കുന്നതിന് മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനില്‍ ഉയര്‍ന്നതോതില്‍ വിഷാംശമുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മത്സ്യം അഴുകാതിരിക്കുവാനും ഇതേ രാസവസ്തു തന്നെയാണ് ഉപയോഗിക്കുന്നത്.കാൻസറിനും അള്‍സറിനും ഇതു കാരണമാകാം. ദഹനേന്ദ്രിയ വ്യവസ്ഥ, കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്ര നാഡീവ്യൂഹം എന്നിവിടങ്ങളില്‍ ഫോര്‍മാലിൻ തകരാറുണ്ടാക്കുന്നു. ഇതു വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയാല്‍ ശരീരത്തിലെ ഡി.എൻ.എ ഘടകങ്ങളുമായി പ്രതി പ്രവര്‍ത്തിച്ചാണ് കാൻസറിനു കാരണമാകുന്നത് .
തിരഞ്ഞെടുക്കാം നല്ല മീൻ
ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകള്‍ കണ്ടാല്‍ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു. ചെകിളപ്പൂവും നോക്കണം. നല്ല രക്തവര്‍ണമാണെങ്കില്‍ മീൻ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്. പാചകം ചെയ്യുന്നതിനു മുമ്ബായി മീനിന്റെ ആന്തരികാവയവങ്ങള്‍ നീക്കംചെയ്യുമ്ബോള്‍ നട്ടെല്ലിന്റെ ഭാഗത്തുനിന്നുവരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കില്‍ മീൻ ഫ്രഷാണ്.
മാംസത്തില്‍ വിരല്‍ കൊണ്ടമര്‍ത്തിയാല്‍ ദൃഢത ഉണ്ടെങ്കില്‍ നല്ല മീനാണ്. മീൻ ചീത്തയാണെങ്കില്‍ വിരലമര്‍ത്തുമ്ബോള്‍ മാസം താണുപോകും.മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കില്‍ ഫ്രഷ് അല്ലെന്നു കരുതണം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും. മാംസം കൂടുതല്‍ മൃദുവാകുകയും മാംസപാളികള്‍ അടര്‍ന്നുമാറുകയും ചെയ്യുന്നതാണെങ്കിലും സൂക്ഷിക്കണം.