Click to learn more 👇

ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ പ്രതിഷേധിച്ചവരോട് കൂടുതല്‍ ഷോ കാണിക്കേണ്ട എന്ന് മന്ത്രിമാര്‍, മുതലപ്പൊഴിയില്‍ ജനരോക്ഷം


 തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.

മന്ത്രിമാരായ വി. ശിവൻകുട്ടിയെയും ആന്റണി രാജുവിനെയും ജി.ആര്‍. അനിലിനെയും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇതിനിടെ മത്സ്യത്തൊഴിലാളികള്‍ ഷോ കാണിക്കരുതെന്ന് മന്ത്രിമാര്‍ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.

പുലര്‍ച്ചെ നാലുമണിക്ക് അപകടമുണ്ടായിട്ടും കോസ്റ്റല്‍ പോലീസിന്റെ ഭാഗത്തുനിന്നടക്കം രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നതിലുണ്ടായ അലംഭാവം ചൂണ്ടിക്കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടനെത്തന്നെ മത്സ്യത്തൊഴിലാളികള്‍ ഇവരെ തടഞ്ഞുവെച്ച്‌ പ്രതിഷേധമാരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ മന്ത്രിമാരെ അറിയിക്കുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ഒരു വിധത്തിലുള്ള മുൻകരുതലും മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ അറിയിച്ചു.

കാണാതായവരുടെ മൃതശരീരമെങ്കിലും കൊണ്ടുതരാൻ കഴിയുമോ എന്ന് കൂടിനിന്നവരില്‍ ഒരു സ്ത്രീ ചോദിച്ചു. അത്തരത്തിലുള്ള സംസാരങ്ങള്‍ ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് വഴിമാറി. 

ഇതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ ഷോ കാണിക്കരുതെന്ന് മന്ത്രിമാര്‍ പറഞ്ഞത്. ഇതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു.

ഷോ കാണിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞത് തങ്ങളെ വേദനിപ്പിച്ചുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നാല് മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലും ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ് മന്ത്രിമാര്‍ കാണിച്ചില്ല. ഫിഷറീസ് മന്ത്രിയായ ആന്റണി രാജു ഞങ്ങള്‍ ഷോ കാണിക്കുകയാണെന്ന് പറഞ്ഞു. അത് ഞങ്ങളെ വേദനിപ്പിച്ചുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

അപകടമുണ്ടായ ഉടൻതന്നെ മത്സ്യത്തൊഴിലാളികളും പിന്നാലെ മറൈൻ എൻഫോഴ്സ്മെന്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ കോസ്റ്റല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടല്‍ ഉണ്ടാകുന്നത് രാവിലെ പത്തുമണിയോടുകൂടി മാത്രമാണ്. കോസ്റ്റല്‍ പോലീസിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ബോട്ട് തകരാറിലായിക്കിടക്കുകയായിരുന്നു. ഇതിനാലാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വലിയ തോതില്‍ പ്രതിഷേധമുയര്‍ത്തി.

രണ്ട് മാസത്തിനിടെ പത്ത് അപകടങ്ങളാണ് മുതലപ്പൊഴിയില്‍ ഉണ്ടായിട്ടുള്ളത്. ഇത്രമേല്‍ അപകടസാധ്യത നിറഞ്ഞ ഇടത്ത് കോസ്റ്റല്‍ പോലീസിന് രക്ഷാപ്രവര്‍ത്തനത്തിന് ഒരു ബോട്ട് പോലുമില്ലെന്നത് സര്‍ക്കാരിന്റെ വലിയ അനാസ്ഥയായാണ് ചൂണ്ടിക്കാണിക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.