Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


◾മഹാരാഷ്ട്രയില്‍ അമോല്‍ കോല്‍ഹെ എംപി വിമതപക്ഷത്തുനിന്ന് ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയും പാര്‍ട്ടിയില്‍നിന്നുt പുറത്താക്കിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ സുനില്‍ തത്കരെയെ എന്‍സിപി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഔദ്യോഗിക എന്‍സിപി തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനും സ്പീക്കര്‍ക്കും കത്തു നല്‍കാനാണ് അവരുടെ തീരുമാനം. ഇതേസമയം, അജിത് പവാര്‍ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പതു പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശരത് പവാര്‍ കത്തു നല്‍കിയിട്ടുണ്ട്.

◾മഴക്കെടുതികള്‍ മൂലം എറണാകുളം ജില്ലയില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലയില്‍ ഇന്നു റെഡ് അലേര്‍ട്ട്.


◾സ്‌കൂള്‍ മുറ്റത്തു മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് അംഗടിമുഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂസഫ്- ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. കൊച്ചി സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടിലെ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയോട്ടി പൊട്ടി. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന്‍ (10) ആണ് പരിക്കേറ്റത്. ഹരിപ്പാട് പള്ളിപ്പാട്  വഴുതാനം ഗവണ്‍മെന്റ് യുപി സ്‌കൂളിനു മുകളിലേക്കു കൂറ്റന്‍ ആല്‍മരം കടപുഴകി വീണു. ആര്‍ക്കും പരിക്കില്ല.


◾അതിതീവ്ര മഴ തുടരുന്നതിനാല്‍ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദിവസം കനത്ത മഴക്കു സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ-താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ഏഴു ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


◾മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്റെ പി എച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് കെഎസ് യു. തലശേരിയില്‍ അധ്യാപകനായിരികെ ആസാം കേന്ദ്ര സര്‍വ്വകലാശാലയില്‍നിന്നാണു പി എച്ച് ഡി നേടിയത്. യുജിസിക്കു പരാതി നല്‍കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ട് ടൈമായാണ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയതെന്നും വ്യാജ ആരോപണം ഉന്നയിച്ചതിനു പോലീസില്‍ പരാതി നല്‍കിയെന്നും രതീഷ് കാളിയാടന്‍ പറഞ്ഞു.

◾സര്‍ക്കാരിനെതിരേ സമര പരിപാടികള്‍ ആലോചിക്കാന്‍ കെപിസിസി നേതൃയോഗം നാളെ. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.


◾ആറു തവണയെങ്കിലും സിപിഎം തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വധശ്രമ കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നുവെന്നും കെ സുധാകരന്‍ ആരോപിച്ചു.


◾രണ്ടു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ 62 പാലങ്ങള്‍ പണിതെന്ന് പൊതുമരമാത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒമ്പതു പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മൂന്നാം വാര്‍ഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ പണികൂടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍, പുറവൂര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ച് കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് പാലം ഉദ്ഘാടനം ചെയ്തു ംസാരിക്കുകയായിരുന്നു മന്ത്രി.


◾കൈതോലപ്പായയില്‍ രണ്ടു കോടി രൂപ കടത്തിയെന്ന ആരോപണത്തെക്കുറിച്ചു മൊഴിയും തെളിവും ആവശ്യപ്പെട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരന്‍ ഇന്നു ഹാജരാകണമെന്നു പൊലീസ്.  കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഹാജരാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു ശക്തിധരന്‍ പ്രതികരിച്ചു.


◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കു ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ എത്തിക്സ് കമ്മിറ്റി. വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വൃക്കയുമായി ഓടിയത് വിവാദമായിരുന്നു.


◾പനി പടരുന്നു. പനി ബാധിച്ച് ഇന്നലെ 12,694 പേരാണ് ചികിത്സ തേടിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുണ്ട്. മൂന്നു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്ക് എലിപ്പനി ലക്ഷണമുണ്ട്. 46 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചിട്ടുണ്ട്.

◾തദ്ദേശ സ്വയംഭരണ വകുപ്പില്‍ 6,316 പേര്‍ക്കു സ്ഥലംമാറ്റം. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഇന്റര്‍ ട്രാന്‍സ്ഫറബിലിറ്റി സംവിധാനത്തിലൂടെ നടത്തുന്ന ആദ്യ സ്ഥലംമാറ്റമാണിത്. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ മുതല്‍ എല്ലാ നടപടികളും ഓണ്‍ലൈനിലൂടെയാണു പൂര്‍ത്തിയാക്കിയത്.


◾തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്ന് ഹൈബി ഈഡന്‍ എംപി. വികസന വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ ഇക്കാര്യം ആവശ്യപ്പെടാറുണ്ടെന്നു ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


◾ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തില്‍ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചി  ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തര്‍ എയര്‍വേയ്സിനെതിരെയാണ് വിധി. കേരള ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിഭാഷകനായിരിക്കേ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. 2018 ല്‍ നെടുമ്പാശേരിയില്‍നിന്ന് സ്‌കോട്ലാന്‍ഡിലേക്കു പോകാനാണു ടിക്കറ്റെടുത്തിരുന്നത്.


◾ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ വനിതകള്‍ തുഴഞ്ഞ തെക്കന്‍ ഓടിവള്ളം മറിഞ്ഞു. മുപ്പതു സിഡിഎസ് അംഗങ്ങള്‍ തുഴഞ്ഞ വള്ളമാണ് മുങ്ങിയത്. എല്ലാവരേയും രക്ഷപ്പെടുത്തി.


◾കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ബൈക്കിലേക്കു ബന്ധിപ്പിച്ച് വൈദ്യുതാഘാതമുണ്ടാക്കി കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച തൃക്കൊടിത്താനം പാലത്ര വീട്ടില്‍ ശശി (52) യെയാണ് അറസ്റ്റു ചെയ്തത്.


◾പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരില്‍ സ്‌കൂള്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞു. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


◾യുകെയിലെ കെറ്ററിംഗില്‍ മലയാളി നേഴ്സ് അഞ്ജു അശോകിനേയും രണ്ടു മക്കളേയും കൊന്ന കേസിലെ പ്രതി ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശി ഷാജുവിന് 40 വര്‍ഷം ജയില്‍ ശിക്ഷ. നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

◾മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന അഷ്ടപദി വീട്ടില്‍ എസ്  മനോജിനെയാണ് (48) അറസ്റ്റു ചെയ്തത്.


◾കോഴിക്കോട് ഫറോക് പാലത്തില്‍നിന്നു പുഴയില്‍ ചാടിയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി  ജിതിന്‍ (31)ആണ് മരിച്ചത്. ഭാര്യ വര്‍ഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.


◾കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സഹോദരന്‍ തീ കൊളുത്തിയ അനുജന്റെ ഭാര്യ സുബിന മരിച്ചു. സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്തിരുന്നു.


◾ഒന്നിച്ചു താമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ പേഴ്സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിനെക്കൊണ്ടു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയന്‍ ആണ് സുഹൃത്ത് മഞ്ജുവിന്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച് പിടിയിലായത്. ഇടുക്കി മേരികുളം സ്വദേശി മഞ്ജു രണ്ടു മാസമായി ഇടുക്കി കണ്ണംപടി സ്വദേശി ജയനുമൊത്താണു താമസിച്ചിരുന്നത്.


◾ഡല്‍ഹി മദ്യനയ അഴിമതി സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂട്ടുപ്രതികളായ നാലു പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.


◾അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 11 ന് ഡല്‍ഹിയിലെ  വിജ്ഞാന്‍ ഭവനില്‍ ചേരുമെന്ന് ജിഎസ്ടി കൗണ്‍സില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകും. സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കല്‍, തീര്‍പ്പുകല്‍പ്പിക്കാത്ത ഇനങ്ങളുടെ വിപരീത ഡ്യൂട്ടി തിരുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യും.


◾മഹാരാഷ്ട്രയിലെ എന്‍സിപി അട്ടിമറിക്കു സമാനമായ അട്ടിമറി ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയിലും ഉണ്ടാകുമെന്ന് എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭര്‍. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദിയുടെ അധ്യക്ഷനായ അഖിലേഷ് യാദവിനെ നേതാക്കളും പ്രവര്‍ത്തകരും വെറുത്തുതുടങ്ങിയതിനാല്‍ ബി ജെ പിയിലേക്ക് കൂറുമാറ്റം ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.


◾മഹാരാഷ്ട്രയില്‍ എന്‍സിപിയിലുണ്ടായ രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശരദ് പവാറുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു.

◾ഈ മാസം 13, 14 തീയതികളിലായി ബെംഗളൂരുവില്‍ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ജൂലൈ 17, 18 തീയതികളിലേക്കു മാറ്റി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.


◾കിലോയ്ക്കു 150 രൂപയായ തക്കാളി തമിഴ്നാട്ടിലെ റേഷന്‍ കടകളിലൂടെ ഇന്നു മുതല്‍ 60 രൂപയ്ക്കു വില്‍ക്കും. സഹകരണ മന്ത്രി കെ.ആര്‍. പെരിയക്കുറുപ്പാണ് പ്രഖ്യാപനം നടത്തിയത്.


◾തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവു പരിശോധനകള്‍ക്കാണ് പ്രവേശിപ്പിച്ചത്. ഇന്ന് ആശുപത്രി വിടും.


◾മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാനുമായ അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടനുസരിച്ച് അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്താനാണ് മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലേക്കു വിളിച്ചുവരുത്തിയത്.


◾നൂറു കോടി രൂപയുടെ മുഴുവന്‍ വായ്പയും തിരിച്ചടച്ചെന്ന് സ്പൈസ് ജെറ്റ്. സിറ്റി യൂണിയന്‍ ബാങ്കില്‍നിന്നു കടമെടുത്ത വായ്പയുടെ അവസാന ഗഡുവായ 25 കോടി രൂപ ഇക്കഴിഞ്ഞ 30 ന് അടച്ചതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു.


◾ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 1.03 കോടി രൂപയുടെ നിക്ഷേപം നടത്തി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). കഴിഞ്ഞ ഒമ്പത് ത്രൈമാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ നിക്ഷേപമാണ് ഇതിനു മുമ്പുള്ള ഉയര്‍ച്ച. അന്ന് 1.42 ലക്ഷം കോടി രൂപയാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ വാങ്ങലുകാരായി തുടരുന്ന എഫ്.പി.ഐകള്‍ ഏപ്രിലില്‍ 11,631 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും നിക്ഷേപിച്ചു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ജൂണിലുണ്ടായത്. മാര്‍ച്ചില്‍ 26,211 കോടി രൂപയുടെ വിറ്റഴിക്കല്‍ നടത്തിയതിനു ശേഷമാണ് വാങ്ങലുകാരായി തുടരുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ ഒഴുക്ക് തുടര്‍ന്നത് ഓഹരി സൂചികകളേയും ഉയര്‍ത്തി. ബി.എസ്.ഇ സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിലാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോമൊബൈല്‍സ്, എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ മേഖലകളിലാണ് വിദേശ നിക്ഷേപകര്‍ കൂടതല്‍ താത്പര്യം കാണിക്കുന്നത്. നിക്ഷേപം തുടരുമ്പോഴും എഫ്.പി.ഐകള്‍ ഭാവിയില്‍ കൂടുതല്‍ കരുതല്‍ കാണിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വലിയിരുത്തുന്നു.

◾ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'കിങ് ഓഫ് കൊത്ത'യുടെ റിലീസ് തിയതി പുറത്ത്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലും, ആഗോളതലത്തില്‍ ആയിരത്തിലധികം സ്‌ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് റിലീസ് ചെയ്യുക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.


◾ഏത് ഭാഷാ ചിത്രങ്ങളേക്കാള്‍ പ്രതിസന്ധി നേരിടുന്നത് നിലവില്‍ ബോളിവുഡ് ആണ്. എന്നാലിപ്പോള്‍ താരതമ്യേന ഇടത്തരം ബജറ്റിലെത്തിയ ഒരു ചിത്രം നിര്‍മ്മാതാക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ്. വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത 'സര ഹട്കെ സര ബച്ച്കെ'യാണ് ആ ചിത്രം. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ജൂണ്‍ 2 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 84.66 കോടി ആണെന്നാണ് കണക്ക്. മൂന്നാം വാരത്തേക്കാള്‍ കളക്ഷന്‍ നാലാം വാരത്തില്‍ നേടിയിരുന്നു ഈ ചിത്രം. മൂന്നാം വാരം 9.54 കോടിയും നാലാം വാരം 9.99 കോടിയും. ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.


◾ഹീറോ മോട്ടോര്‍ കോര്‍പ് മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചു. ജൂലൈ മൂന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. വില വര്‍ധന ഏകദേശം 1.5 ശതമാനമായിരിക്കുമെന്നും മോഡലിനെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലും കമ്പനി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. പ്രൈസ് റിവ്യൂവിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നതെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പറയുന്നത്. നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വിലവര്‍ധനക്ക് കാരണം. വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നൂതനമായ ഫിനാന്‍സിങ് ഏര്‍പ്പെടുത്തുമെന്നും ഹീറോ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹീറോ പാഷന്‍ പ്ലസിനെ പുനരവതരിപ്പിച്ചത്. 76,065 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ പാഷന്‍ പ്ലസ് വിപണിയില്‍ എത്തിയിരിക്കുന്നത്. പാഷന്‍ പ്ലസിനൊപ്പം എക്സ്ട്രീം 160 4വി അതിന്റെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായി അവതരിപ്പിക്കുകയും ചെയ്തു. 1.27 ലക്ഷം മുതല്‍ 1.36 ലക്ഷം രൂപ വരെയാണ് എക്സ്ട്രീമിന്റെ വില. ഹീറോയുമായി സഹകരിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ്‍ പുറത്തിറക്കുന്ന എക്സ്440 വിപണിയില്‍ എത്തി.

◾ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് 'അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേര്‍ക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകള്‍ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേല്‍ക്കോയ്യുള്ള കേരള സമൂഹത്തില്‍ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിന്‍ബലത്താല്‍ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. വിനില്‍ പോള്‍. ഡിസി ബുക്സ്. വില 278 രൂപ.


◾കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കൊടുക്കുന്ന ഭക്ഷണം കുട്ടിക്ക് ഇഷ്ടമുളളതും രുചികരവും ഒപ്പം ആരോഗ്യകരവും ആയിരിക്കണം. മാത്രമല്ല ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഊര്‍ജം നല്‍കുന്നതും ആയിരിക്കണം. ലഞ്ച്ബോക്സില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്. ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെ രുചി ഇഷ്ടമില്ലാത്ത കുട്ടികളില്ല. എന്നാല്‍ ഇത് മൈദ കൊണ്ട് ഉണ്ടാക്കിയതും പ്രിസര്‍വേറ്റീവുകള്‍ ധാരാളം അടങ്ങിയതുമാണ്. മാത്രമല്ല പോഷകഗുണങ്ങള്‍ വളരെ കുറവുമാണ്. കാലറി കുറഞ്ഞതും നാരുകളും പ്രോട്ടീനും കുറഞ്ഞതുമായ നൂഡില്‍സില്‍ ധാരാളം കൊഴുപ്പും സോഡിയം, കാര്‍ബ്സ്, ചില മൈക്രോന്യൂട്രിയന്റുകള്‍ എന്നിവയും ഉണ്ട്. അതുകൊണ്ടു തന്നെ നൂഡില്‍സ് ലഞ്ച്ബോക്സില്‍ നിന്ന് ഒഴിവാക്കാം. പലപ്പോഴും തലേന്നത്തെ ചോറോ ബാക്കി വന്ന അത്താഴമോ ഒക്കെ കുട്ടികളുടെ ലഞ്ച്ബോക്സില്‍ നിറയ്ക്കും. ഉച്ചയാകുമ്പോഴേക്കും ഈ ഭക്ഷണം രുചി നഷ്ടപ്പെട്ടതും പലപ്പോഴും കേടാകും എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. മാത്രമല്ല ഭക്ഷ്യവിഷബാധയ്ക്കും ഇത് കാരണമാകും. വറുത്ത ഭക്ഷണങ്ങള്‍ രുചികരം തന്നെ. മിക്ക കുട്ടികള്‍ക്കും അവ ഇഷ്ടവുമാണ്. എന്നാല്‍ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. ഫ്രഞ്ച്ഫ്രൈസ്, ഉരുളക്കിഴങ്ങ് വറുത്തത്, ഫ്രൈഡ് ചിക്കന്‍ നഗ്ഗറ്റ്സ് ഇവയിലെല്ലാം അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂട്ടുകയും ഉദരപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മധുരമുള്ള ജെല്ലി, മിഠായികള്‍ ഇവയെല്ലാം കുട്ടികളെ സന്തോഷിപ്പിക്കും. എന്നാല്‍ ഇവയെല്ലാം റിഫൈന്‍ഡ് ഷുഗര്‍ ധാരാളം അടങ്ങിയതാണെന്നു മാത്രമല്ല ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ന്നതുമാണ്. ഇവയ്ക്കു പകരം ഫ്രഷ് പഴങ്ങളും ബെറിപ്പഴങ്ങളും നല്‍കാം. ഇവയില്‍ പോഷകങ്ങളും നാച്വറല്‍ ഷുഗറും അടങ്ങിയിട്ടുണ്ട്. രാവിലെ കുട്ടികള്‍ക്ക് ടിഫിന്‍ ബോക്സില്‍ കൊടുത്തുവിടാന്‍ ഏറ്റവും എളുപ്പമുള്ളതാണ് സാന്‍ഡ് വിച്ചും സാലഡും മയൊണൈസും. എന്നാല്‍ ഇത് ഉച്ചഭക്ഷണസമയത്തു മാത്രമല്ല പൂര്‍ണമായും അനാരോഗ്യകരമാണ്. കൊഴുപ്പ് വളരെ കൂടുതല്‍ അടങ്ങിയ മയൊണൈസ് ഒരു സ്പൂണില്‍ ഏതാണ്ട് 100 കാലറി ഉണ്ട്. ഇത് എന്തുവന്നാലും ഒഴിവാക്കേണ്ട ഭക്ഷണമാണ്. ടിഫിന്‍ ബോക്സില്‍ എന്താണ് വേണ്ടത്? പഴങ്ങള്‍, പച്ചക്കറികള്‍, ചീസ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, ആവിയില്‍ പുഴുങ്ങിയ ഭക്ഷണം ഇവയെല്ലാം ടിഫിന്‍ ബോക്സില്‍ ഉള്‍പ്പെടുത്താം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.