സംസ്ഥാന മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി ഹെലികോപ്‌ടര്‍ വാടകയ്ക്കെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്ബനിയുമായി കരാറൊപ്പിടാൻ അന്തിമ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഹെലികോപ്‌ടര്‍ തലസ്ഥാനത്തെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കം സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി 2020ലായിരുന്നു ഹെലികോപ്ടര്‍ ആദ്യമായി വാടകയ്ക്കെടുത്തത്. അന്ന് വൻ ധൂര്‍ത്താണെന്ന ആരോപണം ഉയര്‍ന്ന നീക്കമായിരുന്നു അത്. ആക്ഷേപം ഉയര്‍ന്നതോടെ ഹെലികോപ്റ്ററിൻ്റെ വാടക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കരാര്‍ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് രണ്ടര വര്‍ഷത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിയ്ക്കായി ഹെലികോപ്‌ടര്‍ എത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മന്തിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്ബനിയാണ് ഹെലികോപ്‌ടര്‍ വാടകയ്ക്ക് നല്‍കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷൻ കമ്ബനിയാണ് ചിപ്സൻ. 20 മണിക്കൂര്‍ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക വാങ്ങുന്നത്. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാൻ സൗകര്യം ഹെലികോപ്റ്ററിലുണ്ട്.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങി പൊലീസിൻ്റെ ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്‌ടര്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയെന്നാണ് പുറത്തു വരുന്ന വിവരം. സെപ്തംബര്‍ മാസം ആദ്യ ആഴ്‌ചയില്‍ തന്നെ കോപ്‌ടര്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചനകള്‍.