Click to learn more 👇

കോടതിയില്‍ ഹാജരാകണം, പരാതിക്കാരിക്ക് വീണ്ടും സമന്‍സ്


 

കൊല്ലം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കെ ബി ഗണേശ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകാൻ നിര്‍ദേശം നല്‍കി കോടതി.

കൊട്ടാരക്കര ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ ഗണേശിന് അടുത്ത മാസം 18ന് ഹാജരാകാൻ നിര്‍ദേശം നല്‍കിയത്. പരാതിക്കാരിയ്ക്ക് വീണ്ടും സമൻസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.

സോളാര്‍ പീഡനക്കേസില്‍ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴിയടക്കം കോടതി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗൂ‌ഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പരാതിക്കാരിക്കെതിരെയും ഗണേശ് കുമാറിനെതിരെയും കോടതി കേസ് എടുത്തു. ഇരുവരും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നിരവധി തവണ സമൻസ് അയച്ചെങ്കിലും ഹാജരായില്ല.

പിന്നാലെ ഹൈക്കോടതിയില്‍ പോയി ഇരുവരും സമൻസിന് സ്റ്റേ വാങ്ങുകയും ചെയ്തു. ഇന്നലെ സ്റ്റേയുടെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു. അതേസമയം കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സ്റ്റേ ഇന്നലെ മാത്രമാണ് നീക്കിയതെന്നും വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍ വരുമെന്നും ഗണേശ് കുമാറിന്റെ അഭിഭാഷകൻ കൊട്ടാരക്കര കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് അടുത്തമാസം 18ലേയ്ക്ക് മാറ്റിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.