Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 



25/10/23-ബുധൻ-തുലാം- 8

◾ജാതിയുടെയും പ്രാദേശിക വാദത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി സെന്‍സസിനെതിരേയാണ് മോദിയുടെ വിമര്‍ശനം. ഇന്ത്യയില്‍ ആയുധങ്ങള്‍ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ല, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ പൂജ ലോക സൗഖ്യത്തിനുകൂടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ദസറ ആഘോഷ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

◾ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.


◾ചൈനയില്‍നിന്ന് എത്തിച്ച കൂറ്റന്‍ ക്രെയിന്‍ വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15 ല്‍നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിന്‍ ബര്‍ത്തിലിറക്കിയത്. കപ്പല്‍ ഇന്നു മടങ്ങും. കൂടുതല്‍ ക്രെയിനുകളുമായി അടുത്ത കപ്പല്‍ നവംബര്‍ ഒമ്പതിന് എത്തും.


◾തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സര്‍ക്കാരിനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്  കൂലി നല്‍കാത്ത ഈ സര്‍ക്കാരിനെ എങ്ങനെ ഇടതുപക്ഷ സര്‍ക്കാരെന്ന് വിളിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.


◾എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടന്‍ വിനായകനെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട് വിനായകന്‍ സ്റ്റേഷനിലേക്കു വിളിച്ചിരുന്നു. മഫ്തിയില്‍ വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ തട്ടിക്കയറി. വൈകുന്നേരം ആറോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് അറസ്റ്റു ചെയ്തത്.


◾മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കൂട്ടുപ്രതികളായ ബിജെപി നേതാക്കളും ഇന്നു കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം. പ്രതികള്‍ ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല.


◾തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബര്‍ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ എന്‍സിസി അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയറോ മോഡല്‍ ഷോയും ഉണ്ടാകും. മണ്ണുത്തി വണ്‍ കേരള റീമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലായിരിക്കും അശ്വാരൂഢ സേനാ പ്രകടനം.


◾താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കല്‍പ്പറ്റ എംഎല്‍എ അഡ്വ ടി സിദ്ദിഖ് നിവേദനം നല്‍കി. രാഹുല്‍ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് വിഷയം ഉന്നയിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയെന്ന് എംഎല്‍എ പറഞ്ഞു.


◾എന്‍ജി ഒ യൂണിയന്‍ വജ്രജൂബിലി സമാപനം ശനിയാഴ്ച തൃശൂരില്‍. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്നരയ്ക്കു നടക്കുന്ന സമ്മേളനം പ്രഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.


◾ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ എസ് ഹാരിസ് സിപിഎമ്മില്‍നിന്നു രാജിവച്ചു. നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു


◾കരാറുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ മുസ്ലിം ലീഗ് കൗണ്‍സിലറെ അറസ്റ്റു ചെയ്തു. പി. മൊയ്തീന്‍ കുട്ടിയെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലകൃഷണന്‍ എന്നയാളെ ആക്രമിച്ച  കേസിലാണ് പിടിയിലായത്.


◾താമരശേരിയില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിന്‍ലാലും  സുഹൃത്തായ താമരശ്ശേരി ചുങ്കം സ്വദേശി ശരത്തുമാണ് മരിച്ചത്.


◾പത്തനംതിട്ട നെടുമണ്ണില്‍ മധ്യവയസ്‌കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരനടക്കം രണ്ടു പേര്‍ക്കെതിരെ കൊലക്കേസ്. 52 കാരന്‍ അനീഷ് ദത്തനാണ് മരിച്ചത്. സഹോദരന്‍ മനോജ് ദത്തനും സുഹൃത്ത് ബിനുവുമാണു പ്രതികള്‍. മദ്യലഹരിയില്‍ ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നു.


◾പ്രണയം നടിച്ച് കാറില്‍ കയറ്റി യുവതിയുടെ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ചങ്ങനാശ്ശേരി കുമരങ്കരി ആറുപറയില്‍ വീട്ടില്‍ രാജീവ് എന്‍.ആര്‍ (31) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്.


◾സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൃക്കരോഗംമൂലം അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലുള്ള ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്ക് 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു.


◾കൊച്ചി പറവൂരില്‍ സഹോദര പുത്രന്‍ വീടു തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് കുടുംബ സ്വത്തായ ഏഴു സെന്റ് സ്ഥലം സഹോദരങ്ങള്‍ എഴുതി നല്‍കി. പുതിയ വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.


◾ഇടിമിന്നലേറ്റ് പരുമല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്ക പള്ളിയില്‍ വന്‍ നാശനഷ്ടം. കൊടിമരത്തിനും പള്ളിമേടയിലെ വൈദ്യുതി ഉപകരണങ്ങളുമാണു നശിച്ചത്.


◾കോഴിക്കോട് ബീച്ചില്‍ വെള്ളയില്‍ ഹാര്‍ബറിലെ പുലിമുട്ടിന് സമീപം തിമിംഗലം അടിഞ്ഞു. 32 അടി നീളമുള്ള തിമിംഗലമാണ്. രാത്രി പത്തോടെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞതു കണ്ടത്.


◾തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിരൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയുമായി റിസോര്‍ട്ട് ഉടമയും നഴ്സറി വ്യവസായിയുമായ രായിരത്ത് സുധാകരന്‍. നാലുപേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സി.എസ്.ബി ബാങ്കിലെ ബാധ്യത തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപയുടെ ഇടപാടു നടത്തിയതിലാണു തട്ടിപ്പെന്നാണു പരാതി.


◾തൃശൂരിലെ ഒല്ലൂര്‍ പള്ളി പെരുന്നാളിനു പോയ യുവാവ് കിണറ്റില്‍ വീണു. ഒരു രാത്രി മുഴുവന്‍ കിണറ്റിലെ പൈപ്പില്‍ തൂങ്ങിക്കിടന്ന യുവാവിനെ രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്.


◾മധ്യപ്രദേശില്‍ ബിജെപിക്കെതിരേ വോട്ടിനു നോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാന്‍ ബിജെപിയുടെ റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്പുത്തും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും ഓരോ ബൂത്തിനും 25 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.


◾ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.


◾ഗുജറാത്തില്‍ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര്‍ പരാതി നല്‍കി. 17 വയസ്സുള്ള ഒരു ആണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 25 കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തത്.


◾ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ ഫീസ് നല്കേണ്ട. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രിസഭ തീരുമാനിച്ചു. രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്കു ഫീസ് ഈടാക്കിയിരുന്നത്.


◾റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണെന്ന് വാര്‍ത്ത പ്രചരിച്ചു. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് റഷ്യ.  ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ തറയില്‍ കുഴഞ്ഞു വീണ നിലയില്‍ പുടിനെ കണ്ടെത്തിയെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ടായത്.


◾ഗാസയില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് ഐക്യരാഷ്ട്രസഭാ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ്.  സായുധ പോരാട്ടത്തില്‍ സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതരല്ലെന്നും അദ്ദേഹം പ്രതികരിച്ചു.


◾ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി. ഇസ്രയേലിന് അനുകൂലമായ നിലപാടു മാറ്റമാണ് ചൈന പ്രകടമാക്കിയത്. ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിര്‍ത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.


◾ഹമാസിന്റെ പിടിയിലുള്ള ഇരുന്നൂറിലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളിലാണെന്ന് മോചിതരായവര്‍. ബന്ദികളെ ബൈക്കിനു പിറകില്‍ ഇരുത്തിയാണ് രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റിയതെന്നും അവര്‍ പറഞ്ഞു.


◾പൊതുവേദിയില്‍നിന്ന് രണ്ടു മാസമായി കാണാതായ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പിപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ്  ലിയെ നീക്കിയത്.


◾ദിനോസറിന്റെ അസ്ഥികള്‍ മോഷ്ടിച്ച് ചൈനയിലേക്ക് കയറ്റിയച്ച നാല് അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ കേസ്. എട്ട് കോടിയിലധികം രൂപ വില വരുന്ന അസ്ഥികള്‍ മോഷ്ടിച്ചതിനാണ് കേസ്.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 149 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്വിന്റന്‍ ഡി കോക്കിന്റെ 174 റണ്‍സിന്റേയും ഹെന്റിച്ച് ക്ലാസ്സന്റെ 90 റണ്‍സിന്റെയും പിന്‍ബലത്തില്‍ 5 വിക്കറ്റിന് 382 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 111 റണ്‍സെടുത്ത മഹമ്മദുള്ളയിലൂടെ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും 233 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.


◾സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് രാജ്യത്തെ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം സെപ്തംബറില്‍ നാല് കോടി കവിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രംഗത്ത് ഒരു കോടിയിലധികം പേരാണ് അക്കൗണ്ടുകള്‍ തുറന്നത്. രാജ്യത്ത് വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരില്‍ 57 ശതമാനം പേരും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതിമാസം ചെറിയ തുക ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവെക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെ കഴിഞ്ഞ മാസം മാത്രം 16,000 കോടി രൂപയാണ് വിപണിയിലെത്തിയത്. ചരിത്രത്തിലേക്കും ഏറ്റവും ഉയര്‍ന്ന തുകയാണിത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയിലധികമാണ് എസ്.ഐ.പി കളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്നത്. രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ഇരുപത് ശതമാനം മുതല്‍ നാല്‍പ്പത് ശതമാനം വരെ വരുമാന വര്‍ദ്ധന നല്‍കിയെന്ന് സെബി കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ കാഷ് റിച്ച് മേഖലകളില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം ഒഴുകിയെത്തിയതാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് മികച്ച കരുത്ത് നല്‍കിയത്. അതോടെ ഈ കാലയളവില്‍ മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കും വന്‍ നേട്ടമാണ് ലഭിച്ചത്. രാജ്യത്തെ മുന്‍ നിര ഫണ്ടുകളുടെ 50 ശതമാനത്തിലധികം മ്യൂച്ച്വല്‍ ഫണ്ട് ഉത്പന്നങ്ങളും നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷക്കാലയളവില്‍ 20 ശതമാനത്തിലധികം വരുമാനം ലഭ്യമാക്കി. ബാങ്ക് ഓഫ് ഇന്ത്യയുടെ സ്മാള്‍ ക്യാപ്പ് ഫണ്ട് നിക്ഷേപകര്‍ക്ക് 38 ശതമാനം വരുമാനം നല്‍കി മികച്ച പ്രകടനം കാഴ്ചവെച്ചു. കാനറ റോബേക്കോ സ്മാള്‍ ക്യാപ്പ് ഫണ്ട് 37 ശതമാനവും ക്വാന്റ് സ്മാള്‍ ക്യാപ്പ് ഫണ്ട് 36 ശതമാനവും വരുമാനം നിക്ഷേപകര്‍ക്ക് നല്‍കി. യൂണിയന്‍ മിഡ് ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപ മൂല്യത്തില്‍ 34 ശതമാനവും ഈഡില്‍വീസ് സ്മാള്‍ ക്യാപ്പ് ഫണ്ട് 33.5 ശതമാനവും വരുമാനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കി.


◾ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ധ്രുവനച്ചത്തിരം'  ട്രെയ്‌ലര്‍ പുറത്ത്. സ്‌പൈ ത്രില്ലര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ മലയാളി പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം കൂടി ചിത്രത്തിലുണ്ട്. വിക്രത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം വിനായകനും ചിത്രത്തിലെത്തുന്നു എന്നതാണ് മലയാളികളിലെ ആവേശത്തിന് കാരണം. വിനായകന്‍ വിക്രമിന്റെ വില്ലനായെത്തുന്നുവെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. 2016ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ 2018ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിറുത്തിവച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്. സിനിമയുടെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ചിതിരീകരണം പൂര്‍ത്തിയാക്കിയത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, മുന്ന, റിതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രന്‍, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


◾മലയാള സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'ദേവ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഒരു പൊലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. ബോബി- സഞ്ജയ്- ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ നായികയായി എത്തുന്നത്. അതേ സമയം ഈ ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാഹിദ് ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നെന്നും പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കേണ്ടത് കാരണമാണ് നീണ്ടുപോയതെന്നും.


◾ഇലക്ട്രിക് കാര്‍ ഇ സി3യുടെ യൂറോപ്യന്‍ മോഡല്‍ പ്രദര്‍ശിപ്പിച്ച് സിട്രോണ്‍. ഇന്ത്യന്‍ ഇ സി3യില്‍ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് യൂറോപ്യന്‍ മോഡല്‍ എത്തിയത്. സിട്രോണ്‍ 'ഒലി' കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ്. സിട്രോണിന്റെ പുതിയ ലോഗോ, ആങ്കുലര്‍ ഹെഡ്‌ലാംപുകള്‍, രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഗ്രില്‍ എന്നിവയുണ്ട്. വശങ്ങള്‍ക്ക് ഇന്ത്യന്‍ മോഡലിനോടു സാമ്യം തോന്നുമെങ്കിലും മുന്‍ ഫെന്‍ഡറിനും ഡോറുകള്‍ക്കും മാറ്റങ്ങളുണ്ട്. 17 ഇഞ്ച് അലോയ് വീലുകള്‍. സിട്രോണിന്റെ വലിയ ലോഗോയും വ്യത്യസ്ത രൂപമുള്ള ടെയില്‍ ലാംപുമുണ്ട്. രണ്ട് ലെയറായി ഒരുക്കിയിരിക്കുന്ന ഡാഷ് ബോര്‍ഡാണ്. ഇന്ത്യന്‍ മോഡലില്‍ ഉപയോഗിക്കുന്ന സിസി21 പ്ലാറ്റ്ഫോമിന്റെ മോഡിഫൈഡ് പതിപ്പിലാണ് നിര്‍മാണം. യൂറോപ്യന്‍ ക്രാഷ് ടെസ്റ്റ് നിലവാരത്തിനനുസരിച്ച് വാഹനത്തിന്റെ ഘടന കൂടുതല്‍ കരുത്തുറ്റതാക്കിയിട്ടുണ്ട്. 44 കിലോവാട്ടുള്ള ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണ് യൂറോപ്യന്‍ മോഡലില്‍. 320 കിലോമീറ്ററാണ് റേഞ്ച്. 111 എച്ച്പി കരുത്തുള്ള മോട്ടറും ഉപയോഗിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ 29.2 കിലോവാട്ട് ബാറ്ററിയുള്ള മോഡലാണ്. റേഞ്ച് 320 കിലോമീറ്ററും. യൂറോപ്പില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഓടുന്ന ബെയ്സ് മോഡലുമുണ്ടാകും. അടുത്ത മാസം പുതിയ ഇ സി3 വിപണിയിലെത്തുമെന്നാണു പറയുന്നത്. വിപണിയില്‍ എത്തിയാല്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായി ഇ സി 3 മാറും.


◾മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളില്‍ കടന്നുവരാറുള്ള മലബാര്‍സമരങ്ങള്‍ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തില്‍ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകള്‍, ആനകള്‍, കഴുതകള്‍, നായകള്‍, കന്നുകാലികള്‍ തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയില്‍ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ

അല്ലെങ്കില്‍ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങള്‍ ചരിത്രത്തില്‍നിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയില്‍ കാര്യമായ മാറ്റങ്ങള്‍ക്കും

പുതുചിന്തകള്‍ക്കും വഴിയൊരുക്കും. 'മൃഗകലാപങ്ങള്‍'. മഹ്‌മൂദ് കൂരിയ. മാതൃഭൂമി. വില 263 രൂപ.


◾എല്ലാ മഴക്കാലത്തും ഡെങ്കിപ്പനി കേസുകള്‍ സാധാരണമാണെങ്കിലും ഇത്തവണ മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. കേന്ദ്ര ജൈവസാങ്കേതിക വകുപ്പിനു കീഴിലുള്ള ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സാര്‍സ് കോവ്-2നെതിരായി ശരീരത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ ഡെങ്കിപ്പനി പരത്തുന്ന ഡെന്‍വി-2 വൈറസുമായി പ്രതിപ്രവര്‍ത്തിച്ച്  കൂടുതല്‍ കോശങ്ങളിലേക്ക് ഡെന്‍വി-2 വൈറസ് പടരാന്‍ കാരണമാകുന്നതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മുന്‍പുണ്ടായ അണുബാധയില്‍ നിന്നുള്ള ആന്റിബോഡികള്‍ പുതിയൊരു വൈറസിനെ ഇത്തരത്തില്‍ ശക്തിപ്പെടുത്തുന്നതിനെ ആന്റിബോഡി ഡിപ്പന്റന്‍ഡ് എന്‍ഹാന്‍സ്‌മെന്റ് എന്നാണ് വിളിക്കുന്നത്. ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കു വൈറസിനെ നിര്‍വീര്യമാക്കുന്നതിന് പകരം കൂടുതല്‍ കാര്യക്ഷമമായി കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് അവയെ സഹായിക്കുന്നതാകാം ഇതിനു കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. കോവിഡ് ആന്റിബോഡികള്‍ ശരീരത്തില്‍ അമിതമായ പ്രതിരോധപ്രതികരണമുണ്ടാക്കി നീര്‍ക്കെട്ടും കോശനാശവുമുണ്ടാക്കുന്നത് ഡെങ്കിപ്പനി ലക്ഷണങ്ങളെ തീവ്രമാക്കുന്നതുമാകാം. കോവിഡ് അണുബാധ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാകാം ഡെങ്കിപ്പനി തീവ്രമാകാനുള്ള മറ്റൊരു കാരണം. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്നും ഗവേഷണറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ബയോആര്‍എക്‌സൈവിലാണ് പിയര്‍ റിവ്യൂ ചെയ്യപ്പെടാത്ത ഈ ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.