കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍ വയനാട് സ്വദേശിയായ യുവതി മരിച്ചു.
മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുങ്കര സാബുവിന്റെ മകള്‍ ആഷ്ലി സാബു(23)വാണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത 766-ല്‍ ഗുണ്ടല്‍പേട്ട മദ്ദൂരിലായിരുന്നു അപകടം.
കുടുംബാംഗങ്ങള്‍ക്കൊപ്പം മൈസൂരുവില്‍ അവധി ആഘോഷിച്ച് തിരികെവരുന്നതിനിടെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഹംപില്‍ കയറിയതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.
ബി.എഡ്. പൂര്‍ത്തിയാക്കിയ ആഷ്ലി മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപികയായിരുന്നു. മാതാവ്: ബിൻസി. സഹോദരങ്ങള്‍: ബേസില്‍, ആതിര. സംസ്കാരം ബുധനാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.