മംഗളൂരു: ഇതര ജാതിയില്‍പ്പെട്ട യുവാവിനെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ച കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
വിശ്വനാഥപുര പൊലീസ് സ്റ്റേഷൻ പരിധിയില്‍ ദേവനഹള്ളി ബിദലുരു ഗ്രാമത്തെ നടുക്കിയ സംഭവത്തില്‍ കാവനയാണ്(20) കൊല്ലപ്പെട്ടത്. പിതാവ് എം. മഞ്ചുനാഥിനെ(45) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം വിശ്വനാഥപുര പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ: ''ബുധനാഴ്ച രാത്രി ചോരപുരണ്ട വസ്ത്രം ധരിച്ചയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് വന്നു. താൻ മകളെ കൊന്നു എന്നറിയിച്ച അയാളുടെ മുഖത്ത് ദുഃഖം കണ്ടില്ല. ദൗത്യം നിര്‍വഹിച്ചു എന്ന ഭാവത്തില്‍ കാര്യങ്ങള്‍ പറഞ്ഞ ശേഷം വെള്ളം ആവശ്യപ്പെട്ട്, കുടിച്ചു. മകള്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. ഇതര ജാതിക്കാരനായ യുവാവുമായി മകള്‍ അടുപ്പത്തിലാണെന്ന് അറിഞ്ഞ് വിലക്കി.
പലതവണ താക്കീത് ചെയ്തു. വഴങ്ങിയില്ല. ഈ രാത്രി മകളോട് സംസാരിച്ചപ്പോള്‍ ഇഷ്ടപ്പെടുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, കൊലപ്പെടുത്തി. ഈ ബന്ധത്തില്‍ നിന്ന് കാവനയെ പിന്തിരിപ്പിക്കണം എന്ന അഭ്യര്‍ഥനയുമായി അനിയത്തി നേരത്തെ പൊലീസ് സ്റ്റേഷനില്‍ വന്നിരുന്നു..''
കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ദുരഭിമാന കൊലയാണിത്. കോലാര്‍ ജില്ലയില്‍ നേരത്തെ രണ്ടു യുവതികളെ രക്ഷിതാക്കള്‍ കൊലപ്പെടുത്തിയിരുന്നു.