പ്രഭാത വാർത്തകൾ
2024 | ജൂലൈ 4 | വ്യാഴം | മിഥുനം 20
◾ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. രാവിലെ ഡല്‍ഹിയിലെത്തുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ സ്വീകരണങ്ങളാണ്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമൊന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം സ്വീകരണത്തിനും റോഡ് ഷോക്കുമായി മുംബൈയിലേക്ക് പോകും. ട്രോഫിയുമായി താരങ്ങള്‍ മുംബൈ നഗരത്തില്‍ റോഡ് ഷോ നടത്തും. നരിമാന്‍ പോയിന്റ്, മറൈന്‍ൈഡ്രവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡ്. തുടര്‍ന്ന് വാംഖഡേ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള സ്വീകരണപരിപാടിയില്‍ വെച്ച് ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ ബി.സി.സി.ഐ. കൈമാറും.
◾ മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം തുടരുകയാണെന്നും സംഘര്‍ഷം ആളി കത്തിക്കുന്നവരെ ജനം തിരസ്‌ക്കരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. ഇന്നര്‍ മണിപ്പൂരിലെ കോണ്‍ഗ്രസ് എംപി എ ബിമോല്‍ അകോയ്ജം തിങ്കളാഴ്ച അര്‍ദ്ധരാത്രി ലോക്സഭയില്‍ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തില്‍ ഈ വിഷയം പരാമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായത്.
◾ അഴിമതിക്കാര്‍ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണെന്നും ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
◾ വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കിയെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന കളവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനെ തെറ്റിധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞത് പോലെ ധനസഹായം കിട്ടിയിട്ടില്ലെന്ന് വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബം പ്രതികരിച്ചിരുന്നു. അഗ്നിവീര്‍ അജയ് സിംഗിന്റെ അച്ഛന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം അഗ്നിവീര്‍ അജയ്കുമാറിന്റെ കുടുംബത്തിന് 98 ലക്ഷം രൂപ ധനസഹായം നല്‍കിയെന്നും 67 ലക്ഷം കൂടി നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി കരസേന വ്യക്തമാക്കി. സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
◾ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ അഹ്‌മദാബാദിലുള്ള കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിക്ക് ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അറിയില്ലെന്നും ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നതെന്നും ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
◾ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം.
◾ കലയുടെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സുരേഷ് മത്തായി. രണ്ടു ദിവസമായി പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. വെറുമൊരു ഊമ കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല. സെപ്റ്റിക് ടാങ്കില്‍ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ലെന്നും സുരേഷ് മത്തായി ആരോപിച്ചു.
◾ പത്താം ക്ലാസ് പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍ കുട്ടി. മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് സത്യമല്ല. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. തിരുത്താന്‍ സമയം കൊടുക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്തുകൊണ്ട് സജി ചെറിയാന്‍ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവന്‍കുട്ടി മറുപടി നല്‍കി.
◾ കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ് യു പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. സംസ്‌കൃത കോളേജിന് മുന്നിലെ എസ്എഫ്ഐ ബാനറുകളും കെഎസ്യു പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എംഎല്‍എമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷന്‍ ഉപരോധം നടന്നത്.
◾ ഓരോ വര്‍ഷവും ക്രൈസ്തവ സമൂഹം കൂടുതല്‍ വിവേചനം അനുഭവിക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായ തൃശൂര്‍ അതിരൂപതയുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ധര്‍ണ്ണ.
◾ ലിറ്റില്‍ കൈറ്റ്സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് റോബോട്ടിക് പരിശീലനം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി ഈ വര്‍ഷം 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സി എസ് ആര്‍ ഫണ്ടുള്‍പ്പെടെ പ്രയോജനപ്പെടുത്തി സ്‌കൂളുകളില്‍ അടുത്ത മാസം മുതല്‍ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് ഡിജിറ്റല്‍ പോര്‍ട്ടല്‍ ഈ മാസം മുതല്‍ ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു
◾ ഇറാന്‍ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റടുത്തു എന്‍ഐഎ . രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടി. ഇതോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി.നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതോടെ ഇറാന്‍ കേന്ദ്രീകരിച്ച് അന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തോല്‍വിയില്‍ തുറന്ന വിമര്‍ശനം നടത്തി മുതിര്‍ന്ന നേതാവ് തോമസ് ഐസക്. എല്‍ഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം പരിശോധനകള്‍ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യല്‍ മീഡിയ വഴി പ്രതികരണം നടത്തിയത്.
◾ തിരുവല്ല നഗരസഭയിലെ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ നോട്ടീസില്‍ വിശദീകരണം നല്‍കി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് ജീവക്കാര്‍ നല്‍കിയ മറുപടി. മറുപടി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്നും അവധിയിലുള്ള നഗരസഭാ സെക്രട്ടറി അറിയിച്ചു.
◾ വിവാദ റീല്‍സില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ്. ഒരു ഞായറാഴ്ച ദിവസം റീലുണ്ടാക്കാനും പോസ്റ്റിടാനും പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് പിന്തുണ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്ന സാഹചര്യത്തിലാണ് പിന്തുണയുമായി പ്രശാന്ത് രംഗത്തെത്തിയത്.
◾ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാരെ പിന്തുണച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും മന്ത്രി വിവരങ്ങള്‍ തേടിയിരുന്നു.
◾ എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക അണച്ച് ഫയര്‍ഫോഴ്സ്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂടിയിട്ടു കത്തിച്ചതോടെയാണ് പ്രദേശത്ത് മാലിന്യപ്പുക ഉയര്‍ന്നത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങള്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ ഫയര്‍ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
◾ സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. നിലവിലെ കമ്മീഷണര്‍ നാഗരാജു പൊലീസ് കണ്‍ട്രഷന്‍ കോര്‍പ്പറേഷന്‍ എംഡിയും, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റിയ അങ്കിത് അശോകിന് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം നല്‍കി. സതീഷ് ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും. ഡിജിപി സഞ്ചീബ് കുമാര്‍ പട് ജോഷി മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടറാകും. പി. പ്രകാശ് ക്രൈംബ്രാഞ്ച് കോഴിക്കോട് സോണ്‍ ഐജിയാകും.
◾ ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍ ഉറപ്പ് നല്‍കി. സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
◾ പാര്‍ട്ടി വിട്ടുപോകുമെന്ന പ്രചരണം തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ആര്‍ജവമുള്ള സിപിഎം പ്രവര്‍ത്തകനായി തുടരുമെന്നും കരമന ഹരി ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാര്‍ട്ടി വിട്ടുപോകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും കരമന ഹരി വിശദീകരിച്ചു. തലസ്ഥാനത്ത് ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്ന് കരമന ഹരി ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം വിജിലന്‍സ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു.
◾ കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മാറുന്ന കാലത്തിന്റെ അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് എബല്‍ ഡെഷ്പാനിയെയുടെ കേരള ടൂറിസം അധികൃതരുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തില്‍ കേരളാ പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്നുണ്ട്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
◾ കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി . ആദ്യഘട്ടത്തില്‍ എസ്ഇആര്‍ടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോര്‍ട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും. ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി.
◾ സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ക്കായുള്ള പുസ്തകം തയ്യാറാക്കിയത്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുസ്തകം രക്ഷിതാക്കള്‍ക്കായി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
◾ തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.
◾ നെയ്യാറ്റിന്‍കര വഴുതൂരില്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം. ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച നന്ദകിഷോര്‍(11), നന്ദലക്ഷ്മി(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ മിഠായി നല്‍കി കുട്ടികളെ പീഡിപ്പിക്കുന്ന പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി മുഹമ്മദ് കോയയെ (60)പരപ്പനങ്ങാടി പൊലീസ് പിടികൂടി. കുട്ടികള്‍ക്ക് മിഠായി നല്‍കി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
◾ കണ്ണൂര്‍ ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ആണ്ഇടിച്ചത് . നിയന്ത്രണം വിട്ട കാര്‍ റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
◾ സംസ്ഥാനത്തെ ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്ത് പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരന്‍ ഉമര്‍ ശരീഫ് പറഞ്ഞു. പരസ്പര ധാരണയില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. കേസ് ഒത്തു തീര്‍പ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നല്‍കും. കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമര്‍ ശരീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്.
◾ കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്ത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഗിരീഷ് കുമാറിന്റെ വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
◾ നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇന്ന് രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
◾ നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടിലെ മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.
◾ തമിഴ്‌നാട് ബിജെപി അധ്യക്ഷനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോയേക്കുമെന്ന് സൂചന. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം അണ്ണാമലൈ സ്ഥിരീകരിച്ചിട്ടില്ല.
◾ മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി . രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
◾ ഹാഥ്‌റസില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇരകളുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ബാല്‍സേവ പദ്ധതി പ്രകാരം വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപവീതവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും 130 പേര്‍ മരിക്കാനിടയായ 'സത്സംഗ്' സംഘടിപ്പിച്ച വിവാദ ആള്‍ദൈവം ഭോലെ ബാബ ലൈംഗികാതിക്രമക്കേസിലും പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും രാജസ്ഥാനിലും ഭോലെ ബാബ എന്ന സുരാജ് പാലിനെതിരേ കേസുകളുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഹാഥ്‌റസില്‍മതപരിപാടിക്കിടെ നടന്ന സംഭവത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബയുടെ പേരിലുള്ള കത്ത് പുറത്ത്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാക്കിയതില്‍ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഉണ്ടെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ എപി സിങിനെ ചുമതലപ്പെടുത്തിയെന്നുമാണ് കത്തില്‍ പറയുന്നത്.
◾ കങ്കണ റണാവത്ത് എംപിയെ തല്ലിയ, നിലവില്‍ സസ്പെന്‍ഷനിലുള്ള സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റി. കര്‍ണാടക സിഐഎസ്എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റിയത്. കൗറിനെതിരായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി.
◾ രാജ്യസഭയിലെ നേതാക്കളെ തീരുമാനിച്ച് സി പി എം. ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ രാജ്യസഭ കക്ഷി നേതാവായും ജോണ്‍ ബ്രിട്ടാസ് ഉപനേതാവുമായിട്ടാണ് നിശ്ചയിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി പി എം രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 4 അംഗങ്ങളാണ് സി പി എമ്മിന് രാജ്യസഭയിലുള്ളത്.
◾ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. റാഞ്ചിയില്‍ രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് കൈമാറി. ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ചംപെയ് സോറന്‍ രാജ്ഭവനിലെത്തിയത്. അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ചു.
◾ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനു ശേഷമുള്ള ആദ്യ സര്‍വേകളില്‍ തിരിച്ചടി നേരിട്ട ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രം?ഗത്തെത്തിയിട്ടുണ്ട്.
◾ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തി. ആദ്യമാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുന്നത്.
◾ സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി ആയിരിക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള നിയന്ത്രിത പരിധിയെന്നും ബാങ്ക് പ്രസ്താവിച്ചു. എന്നാല്‍ യുപിഐ സേവനം തടസ്സപ്പെടും. ജൂലൈ 13ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ 3.45 വരെയും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയും യുപിഐ സേവനം തടസ്സപ്പെടുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അതായത് എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് നിശ്ചിത സമയത്ത് യുപിഐ വഴി പണം സ്വീകരിക്കാനോ കൈമാറാനോ സാധിക്കില്ല. ഇതിന് പുറമേ നിശ്ചിത സമയത്ത് മെര്‍ച്ചന്റ് പേയ്‌മെന്റ് ( ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍), ബാലന്‍സ് നോക്കല്‍, യുപിഐ പിന്‍ മാറ്റലും സെറ്റ് ചെയ്യലും അടക്കമുള്ള സേവനങ്ങളും തടസ്സപ്പെടുമെന്നും ബാങ്ക് അറിയിച്ചു. കാര്‍ഡ് ഉപയോഗിച്ച് മെര്‍ച്ചന്റ് പേയ്‌മെന്റ് നടത്താമങ്കിലും സിസ്റ്റം അപ്‌ഡേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അക്കൗണ്ടില്‍ അപ്‌ഡേറ്റ്‌സ് വരികയുള്ളൂവെന്നും ബാങ്ക് അറിയിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നതിനും മറ്റും സേവനങ്ങള്‍ക്കും അന്നേദിവസം തടസ്സമുണ്ടാവില്ലെന്നും ബാങ്ക് അറിയിച്ചു. അസൗകര്യം ഒഴിവാക്കാന്‍ ജൂലൈ 12 വെള്ളിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് മുന്‍പ് ഇടപാടുകള്‍ നടത്താനും ബാങ്ക് അറിയിച്ചു.
◾ വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു. മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കിഴക്കന്‍ മലമുകളില്‍ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയായ ഔസേപ്പിന്റെയും മൂന്ന് ആണ്‍മക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. ജീവിതം നന്നായി ആഘോഷിച്ച ഔസേപ്പ് ഇന്ന് എണ്‍പതിന്റെ നിറവിലാണ്. ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുകയാണ് ഔസേപ്പ്. ഈ കുടുംബത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന ഒരു പ്രശ്നം ആ കുടുംബത്തിനെ സംഘര്‍ഷത്തിന്റെ മുള്‍മുനയിലേക്ക് നയിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കപ്പെുന്നത്. എണ്‍പതുകാരനായ ഔസേപ്പിനെ വിജയരാഘവന്‍ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് മക്കളെ പ്രതിനിധീകരിക്കുന്നത്. ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് ഏലിയ, അഞ്ജലി കൃഷ്ണ ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
◾ രജനികാന്തിനെ നായകനാക്കി തെന്നിന്ത്യന്‍ സെന്‍സേഷന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂലി'. ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രം 'ലിയോ'ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയില്‍ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും ചിത്രത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറായി ഗിരീഷ് ഗംഗാധരന്‍ എത്തുമെന്നാണ് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്സ് ആണ്. ഫിലോമിന്‍രാജ് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ ഫോക്‌സ്വാഗണ്‍ ഇന്ത്യ ഈ മാസം തങ്ങളുടെ ആഡംബര സെഡാന്‍ വിര്‍ടസില്‍ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഈ കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 1.45 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ മാസം കമ്പനി ഈ കാറില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2024 വര്‍ഷത്തെ 1.0 ടിഎസ്ഐയുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. അതേസമയം, കമ്പനി എന്‍ട്രി-സ്പെക്ക് കംഫര്‍ട്ട്‌ലൈന്‍ 1.0 എംടി 10.90 ലക്ഷം രൂപ പ്രത്യേക എക്സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ഈ കാറില്‍ എക്സ്ചേഞ്ചും ലോയല്‍റ്റി ബോണസും ലഭ്യമാണ്. ഇന്ത്യയില്‍ ഇത് ഹ്യൂണ്ടായ് വെര്‍ണയുമായി നേരിട്ട് മത്സരിക്കും. ഇതിനുപുറമെ, വിര്‍ടസ് 1.5 ടിഎസ്ഐയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 70,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലോയല്‍റ്റി ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടൈഗണ്‍ പോലെ, വിര്‍ടസിന്റെ ചില ഡ്യുവല്‍ എയര്‍ബാഗ് വകഭേദങ്ങളും 40,000 രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ശേഷിക്കുന്ന സ്റ്റോക്ക് പൂര്‍ണ്ണമായും ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.56 ലക്ഷം രൂപയാണ്. അതേസമയം, അതിന്റെ എതിരാളിയായ വെര്‍ണയുടെ വില 11 ലക്ഷം രൂപയാണ്.
◾ അമ്മയ്ക്കും അമ്മുവിനും മാത്രമല്ല, ഒരു നാടിനു മുഴുവന്‍ പ്രിയപ്പെട്ടവനായിത്തീരുന്ന മിത്രന്റെ കഥയാണിത്. ആ നാട്ടില്‍ ക്ഷണിക്കാതെ എത്തിച്ചേര്‍ന്ന ആ അതിഥിയുടെ പേരില്‍ അവിടുത്തെ ബസ് കാത്തിരിപ്പുകേന്ദ്രം നാമകരണം ചെയ്യപ്പെടുന്നതിലേക്ക് നീളുന്നു, മിത്രന്റെ വിശേഷങ്ങള്‍. 'മിത്രന്‍ സ്മാരക ബസ് സ്റ്റോപ്പ്'. എന്‍ സ്മിത. എച്ച്ആന്‍ഡ്സി ബുക്സ്. വില 38 രൂപ.
◾ കാന്‍സര്‍ കോശങ്ങള്‍ പിത്തസഞ്ചിക്കുള്ളില്‍ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയില്‍ അര്‍ബുദം ഉണ്ടാകുന്നത്. ഈ കോശങ്ങള്‍ ഉണ്ടാക്കുന്ന മുഴകള്‍ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പിത്താശയം, പിത്തനാളി എന്നിങ്ങനെ പിത്തരസത്തിന്റെ ഉത്പാദനവും ശേഖരണവും കൈമാറ്റവുമൊക്കെയായി ബന്ധപ്പെട്ട അവയവങ്ങളില്‍ വരുന്ന അര്‍ബുദമാണ് ബൈലിയറി ട്രാക്റ്റ് കാന്‍സര്‍. പിത്തസഞ്ചി കാന്‍സര്‍ അതിജീവന നിരക്ക് രോഗത്തിന്റെ രോഗിയെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. നേരത്തെ രോഗനിര്‍ണയവും ചികിത്സയും ചെയ്യുന്നവര്‍ക്ക് അതിജീവന നിരക്ക് 66% ആണെന്ന് പഠനങ്ങള്‍ പറയുന്നു. അതിജീവിക്കുകയുള്ളൂ. കാന്‍സറിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ രോഗം ഗുരുതരമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകുന്നു. വയറുവേദന, പെട്ടെന്ന് ഭാരം കുറയല്‍, വയറ് വീര്‍ക്കുക, മഞ്ഞപ്പിത്തം എന്നിവയെല്ലാം പിത്തസഞ്ചി കാന്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പിത്താശയക്കല്ലുകള്‍ ഉണ്ടാകുന്നത് ഏറ്റവും വലിയ അപകട ഘടകമാണ്. പ്രത്യേകിച്ചും അവ ആമാശയത്തില്‍ അണുബാധയുണ്ടാകുക ചെയ്താല്‍ കൂടുതല്‍ അപകടകരമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പിത്തസഞ്ചി കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെയും ഭാരം നിയന്ത്രിക്കുന്നതിലൂടെയും പിത്തസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. പിത്തസഞ്ചി കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്. വിട്ടുമാറാത്ത വീക്കം, അണുബാധ, പൊണ്ണത്തടി, പാരമ്പര്യം, കൊഴുപ്പ് കൂടുതലുള്ളതും നാരുകള്‍ കുറഞ്ഞതുമായ ഭക്ഷണക്രമം, നിറം മങ്ങിയ മലം, മഞ്ഞപ്പിത്തം, ഛര്‍ദ്ദി.