മെയ്ഡ്സ്റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പ്രിയപ്പെട്ടവരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു.
അതിനിടെയാണ് മരണം തേടിയെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്.
മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. അതിനാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്ബ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്ബാണ് അമ്മ നാട്ടിലേക്ക് തിരിച്ചു പോയത്.
ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് വരികയാണ്. അതിനു ശേഷമായിരിക്കും സംസ്‌കാര സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.